അമ്പലപ്പുഴ: സ്വകാര്യ സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞു യുവാവിൽനിന്ന് രണ്ടു കോടി ഏഴു ലക്ഷം രൂപ പലതവണയായി ഈടാക്കി വഞ്ചിച്ചെന്നു ചലച്ചിത്ര സംവിധായകൻ മേജർ രവിയടക്കം രണ്ടു പേർക്കെതിരേ പരാതി.
അമ്പലപ്പുഴ പന്ത്രണ്ടിൽച്ചിറ എം.ഷൈനാണ് വാർത്താസമ്മേളനത്തിലൂടെ പരാതി നൽകിയ കാര്യം അറിയിച്ചത്. കാക്കാഴത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ആയുർവേദ സ്ഥാപന ഡയറക്ടറാണ് ഷൈൻ.
ഇവിടെ ചികിത്സയ്ക്കെത്തിയ, തണ്ടർ ഫോഴ്സ് എന്ന സെക്യൂരിറ്റി കമ്പനിയുടെ എംഡി അനിൽകുമാറും കമ്പനി ഡയറക്ടറായ മേജർ രവിയും ചേർന്നാണ് തുക തട്ടിയെടുത്തതെന്നു ഷൈൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഗുരുവായൂർ സത്യസായി ആശ്രമത്തിലെ സ്വാമി ഹരിനാരായണനാണ് അനിൽ കുമാറിനെ പരിചയപ്പെടുത്തിയത്. ചികിത്സയ്ക്കായി എത്തിയ ശേഷം അനിൽ കുമാറുമായി കൂടുതൽ ബന്ധം പുലർത്തി.
ഇതിനിടെ തണ്ടർ ഫോഴ്സ് കമ്പനിയിൽ ഒഴിവ് വരുന്ന ഡയറക്ടർ പദവിയിലേക്കു നിയമിക്കാമെന്നു പറഞ്ഞു പലതവണയായി രണ്ടു കോടി ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്നു പറയുന്നു.
അനിൽ കുമാറിന്റെയും മേജർ രവിയുടെയും കമ്പനിയുടെയും അക്കൗണ്ടിലേക്കാണ് ഈ പണം നിക്ഷേപിച്ചത്.
പലതവണ ബന്ധപ്പെട്ടെങ്കിലും തന്നെ ഡയറക്ടർ പദവിയിലേക്കു നിയമിച്ചില്ല. നൽകിയ പണവും തിരികെ ലഭിച്ചില്ല.
ഇവർക്കെതിരെ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടക്കാതെ വന്നതോടെ കോടതിയെ സമീപിച്ചു.
കോടതി ഉത്തരവിനെത്തുടർന്നു പോലീസ് കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എങ്കിലും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല.
സമാനമായ രീതിയിൽ എറണാകുളം സ്വദേശിയിൽനിന്ന് അഞ്ചു കോടി രൂപയും പാലക്കാട് മറ്റൊരാളിൽനിന്നും പണം വാങ്ങിയതായും അറിയാൻ കഴിഞ്ഞുവെന്നും ഷൈൻ ആരോപിക്കുന്നു.
തമ്മനത്തു പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ഓഫീസ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ഇവർക്കു കേന്ദ്രമന്ത്രിമാർ, സിനിമാ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നും ഇവരിൽ പലരും അനിൽ കുമാറിനൊപ്പം തന്റെ ആയുർവേദ കേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്നും ഷൈൻ പറയുന്നു.
കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയിട്ടുണ്ടെന്നും ഷൈൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.