സംക്രാന്തി: കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ക്രിമിനൽ കേസ് പ്രതിയെ പോലീസും ഫയർഫോഴ്സും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി.
തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പുക്കര ഉന്പക്കാട്ട് ജീമോൻ (25) ആണ് പോലീസ് പിടികൂടാനെത്തിയപ്പോൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
ഇന്നലെ ഉച്ചകഴിഞ്ഞു 1.30നു സംക്രന്തി ഗ്രാമീണ്‍ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ആഴ്ച കക്കൂസ് മാലിന്യം നിറച്ച ലോറി കുട്ടികളുടെ ആശുപത്രിക്ക് സമീപം തടഞ്ഞു നിർത്തി പതിനായം രൂപ ജീമോൻ ആവശ്യപ്പെട്ടു.
പണം നൽകാതിരുന്നതിനെ തുടർന്ന് ലോറിയുടെ ചില്ല് അടിച്ചു തകർത്തു. തുടർന്ന് ലോറി ഡ്രൈവർ ജീമോനെതിരെ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. ഇതോടെ ഇയാൾ ഒളിവിലായിരുന്നു.
ഇതിനിടയിൽ മകനെ കാണാനില്ലെന്ന് കാണിച്ച് ജീമോന്റെ പിതാവ് രമേശൻ ഗാന്ധിനഗർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് പരിസരത്തെ തട്ടു കടയിലേക്ക് വെള്ളം നൽകുന്നതിന്, ടാങ്കിൽ നിറച്ച വെള്ളവുമായി പിക്പ് വാനിൽ ജീമോൻ എത്തി.
ഈ വിവരമറിഞ്ഞ് എസ്എച്ച്ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസും എത്തി. ഇതോടെ ടാങ്കിലെ വെള്ളവുമായി പിക്കപ്പ് വാനിൽ അമിത വേഗതയിൽ ഓടിച്ചു പോയി.
പോലീസും പിന്നാലെയും. സംക്രാന്തി ഭാഗത്ത് എത്തിയപ്പോൾ ഒരു മതിലിൽ ഇടിച്ച് വണ്ടി നിന്നു. ഇറങ്ങിയോടിയ പ്രതി ഗ്രാമീണ്‍ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി.
പോലീസ് എത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ടു പോയാൽ മർദ്ദിക്കുമെന്നും അതിനാൽ ആത്മഹത്യാ ചെയ്യുകയാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കി.
ഇതോടെ നാട്ടുകാരും തടിച്ചുകൂടി. പോലീസ് ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഇവരെത്തി പോലീസും ചേർന്ന് ഇയാളെ അനുനയിപ്പിച്ച് എണിയിലൂടെ താഴെയിറക്കി.
തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വിൽപ്പന, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ ജീമോൻ പ്രതിയാണെന്ന് ഗാന്ധിനഗർ പോലീസ് അറിയിച്ചു.