നെടുമ്പാശേരി: വിദേശത്ത് ജോലി മോഹവുമായി അനുദിനം തട്ടിപ്പിനിരയാകുന്നത് നിരവധി പേരാണ്.
എറണാകുളം ജില്ലയിൽനിന്ന് മാത്രം വിവിധ സംഘങ്ങൾ അടുത്തിടെ കോടികളുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ സാധ്യതകൾ മുൻനിർത്തിയാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം.
മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഉദ്യോഗാർഥികളെ തട്ടിപ്പുകാർ വലയിലാക്കുന്നത്. പല രീതിയിലാണ് ഇവരുടെ പ്രവർത്തനം.
മോഹന വാഗ്ദാനങ്ങൾ
യാതൊരു പണച്ചിലവും ഇല്ലാതെ വിദേശത്ത് ജോലി വാങ്ങി തരാം എന്നു പറയുന്നവരുമുണ്ട്. ഇത് കേട്ട് വലയിലാകുന്നവരിൽ നിന്നും കുറച്ചു കഴിയുമ്പോൾ ടിക്കറ്റ് ചിലവിന് എന്ന പേരിൽ 10,000 മുതൽ 15,000 രൂപ വരെയുള്ള ചെറിയ തുക ആവശ്യപ്പെടും.
ഇതിനകം തന്നെ ജോലിയുടെ സാധ്യതകൾ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നതിനാൽ നല്ലൊരു ശതമാനം പേരും ഇത് നൽകാൻ തയാറാകും.
കുറച്ചു കഴിയുമ്പോൾ അടുത്ത ഗഡുവായി ഇതുപോലൊരു തുകയും കൂടി വാങ്ങിയെടുക്കും. ഈ ചിലവുകൾ വിദേശത്ത് എത്തിയാൽ ആദ്യ ശമ്പളത്തോടൊപ്പം മടക്കിക്കിട്ടും എന്നു കൂടി കേൾക്കുന്നതോടെ കടം വാങ്ങിയോ ബാങ്ക് വായ്പയെടുത്തോ സംഘടിപ്പിച്ച് നൽകുകയാണ് ചെയ്യുന്നത്.
ഈ രീതിയിൽ 60,000 രൂപയോ അതിനു മുകളിലോ നൽകിയതിന് ശേഷമാണ് പലരും തങ്ങൾ കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. കൂടാതെ ഒറ്റയടിക്ക് പറഞ്ഞ് വിശ്വസിപ്പിച്ച് വൻ തുക കൈക്കലാക്കുന്നവരും ഉണ്ട്.
ഡിനോ തട്ടിയത് അഞ്ച് കോടി
വ്യാഴാഴ്ച്ച മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്ത ഡിനോ ബാബു സെബാസ്റ്റ്യൻ എന്നയാൾ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 200 ഓളം ഉദ്യോഗാർഥികളെയാണ് വഞ്ചിച്ചത്.
ഇവരിൽനിന്നും അഞ്ച് കോടിയോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സൗത്ത് കൊറിയയിൽ ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം തട്ടിയെടുത്ത അയ്യമ്പുഴ സ്വദേശി മാർട്ടിൻ ഈ മാസം രണ്ടിന് പെരുമ്പാവൂർ പോലിസിന്റെ പിടിയിലായിരുന്നു.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം തട്ടിയ മറ്റൊരാൾക്കെതിരെ വരാപ്പുഴ പോലിസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസത്തിനിടെ നൂറുകണക്കിന് പരാതികളാണ് റൂറൽ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ എത്തിയത്.
ഇതിനിടെ സൗജന്യ ടിക്കറ്റും വിസയും നൽകി ഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ യുവാവ് മയക്കുമരുന്നുമായി വിദേശത്ത് പിടിയിലായതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വരാപ്പുഴ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശ ജോലിയ്ക്കായി അംഗീകൃത ഏജൻസികൾ നിലവിലുണ്ട്.
വിവരങ്ങൾ അറിയാൻ മാർഗമുണ്ട്
കൂടാതെ ഏജൻസികളും മറ്റും പറയുന്ന ജോലികളെ സംബന്ധിച്ചുള്ള അധികാരികമായ വിശദാംശങ്ങൾ അറിയാൻ നോർക്ക ഉൾപ്പെടെയുള്ള ഔദ്യോഗിക സ്ഥാപനങ്ങൾ വഴി സാധിക്കുകയും ചെയ്യും. ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇപ്പോഴും പലരും യാതൊരു ഉറപ്പുമില്ലാതെ പണം കൈമാറുന്നത്.
ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്തും വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ അഡ്മിഷൻ വാങ്ങി തരാമെന്ന് പറഞ്ഞും വൻ തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായാണ് അന്വേഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഇവർക്കെതിരേ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടന്നുവരികയാണ്.