അഞ്ച് വയസുകാരിയായ മകളെ അയൽവാസിയുടെ പൂവൻ കോഴി ആക്രമിച്ചതിൽ കലിപൂണ്ട മാതാപിതാക്കൾ നിയമനടപടി തേടി പോലീസ് സ്റ്റേഷനിലെത്തി. ഭോപ്പാലിലെ ശിവപുരി സ്വദേശികളായ ദമ്പതികളാണ് പൂവൻ കോഴിയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പോലീസ് സഹായം തേടിയത്.
കഴിഞ്ഞ 5 മാസത്തിനിടെ ഈ പൂവൻ കോഴി തങ്ങളുടെ മകളെ 4 പ്രാവശ്യം ആക്രമിച്ചെന്ന് ഇവർ പരാതിയിൽ വ്യക്തമാക്കുന്നു. അയൽവാസിക്ക് നിരവധി പ്രാവശ്യം താക്കീത് നൽകിയിരുന്നുവെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെ തുടർന്ന് ഗത്യന്തരമില്ലാതെയാണ് ഈ മാതാപിതാക്കൾ പോലീസിന്റെ സേവനം തേടിയത്.
തുടർന്ന് പൂവൻ കോഴിയുടെ ഉടമസ്ഥരായ പപ്പു ജാദവിനെയും ലക്ഷ്മിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ അവരുടെ മറുപടിയാണ് പോലീസിനെ ഏറെ കുഴപ്പിച്ചത്.
മക്കളില്ലാത്ത തങ്ങൾക്ക് ഈ പൂവൻ കോഴി മകനെ പോലെയാണെന്നും കോഴിക്കു പകരം തങ്ങൾ ഇരുവരെയും ശിക്ഷിച്ചു കൊള്ളു എന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.
കൂടിനുള്ളിൽ നിന്നും കോഴിയെ പുറത്തു വിടില്ലെന്നും ഇനി ഒരു പ്രാവശ്യം കൂടി ഉണ്ടായാൽ അതിനെ വിൽക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് ഇരു കുടുംബവും പിരിഞ്ഞത്.