മിസ് യൂണിവേഴ്സ് ഹര്‍നാസ് കൗർ സന്ധുവിനെതിരെ കോടതിയില്‍ കേസ് കൊടുത്ത് നിര്‍മാതാവും നടിയുമായ ഉപാസന സിംഗ്.
ഹര്‍നാസ് നായികയായി എത്തിയ പഞ്ചാബി സിനിമയുടെ പ്രമോഷന് പങ്കെടുക്കാമെന്ന് താരം കരാറില്‍ ഒപ്പുവച്ചെങ്കിലും എത്തിയില്ല എന്നാണ് പരാതി.
ചണ്ഡീഗഡ് ജില്ലാ കോടതിയിലാണ് നടിക്കെതിരെ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ബായ് ജി കുട്ടന്ഗെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പരാതി.
മിസ് യൂണിവേഴ്സാകുന്നതിന് മുന്‍പ് തന്നെ ഹര്‍നാസിനെ സിനിമയിലേക്ക് കൊണ്ടു വന്നിരുന്നു എന്നാണ് ഉപാസന സിംഗിന്റെ വാദം.
കരാര്‍ അനുസരിച്ച് നേരിട്ടും വെര്‍ച്വലായും പ്രൊമോഷനുകളില്‍ പങ്കെടുക്കുമെന്നായിരുന്നു ഹർനാസിന്റെ ഉറപ്പെന്നും അവര്‍ പറയുന്നു.
പ്രമോഷനുകൾ നൽകാത്തതിനാൽ ചിത്രത്തിന്റെ റിലീസ് മെയ്യില്‍ നിന്നും ഓഗസ്റ്റിലേക്ക് മാറ്റേണ്ടി വന്നുവെന്നും നിര്‍മാതാവ് ആരോപിക്കുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍നാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2021ലാണ് 22കാരിയായ ഹര്‍നാസ് കൗര്‍ സന്ധു മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്.