ബെയ്ജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോ വൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി.
എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുമെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെ ഈ വൈറസ് ബാധിക്കുന്നത് അപകടകരമാണ്. നിലവിൽ ഇതിന് പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ലെന്നു വിദഗ്ധർ പറയുന്നു.
വൈറസ് ബാധയെ തുടർന്ന് ആശുപത്രികൾ നിറയുകയാണെന്നും ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്നു ചൈനയുടെ രോഗ നിയന്ത്രണ അഥോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.