ന്യൂഡൽഹി: ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോ വൈറസ് (എച്ച്എംപിവി) രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യയില് ആറ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം.
കോവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. എച്ച്എംപിവി ബാധയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്ജും അറിയിച്ചു.
ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കോൽക്കത്തയിലും ഒന്നു വീതവും കുട്ടികൾക്കാണു രോഗബാധ റിപ്പോർട്ട് ചെയ്തത്. 2001ൽ കണ്ടെത്തിയ വൈറസാണെങ്കിലും എച്ച്എംപിവിക്കായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല.
ശ്വാസകോശസംബന്ധമായ പകർച്ചവ്യാധികളുള്ളവർ പൊതു നിർദേശങ്ങൾ പാലിക്കുക, ആൾക്കൂട്ടത്തിനിടയിൽ ഇറങ്ങാതിരിക്കുക, മുഖവും മൂക്കും മൂടുക എന്നിങ്ങനെയാണ് ആരോഗ്യവിദഗ്ധര് നല്കുന്ന നിര്ദേശം.
രാജ്യത്ത് പലർക്കും ഈ രോഗബാധ ഇതിനകം വന്നു പോയിരിക്കാം. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. ചൈനയിൽ രോഗബാധ വ്യാപകമായതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്.