ന്യൂഡൽഹി: ചൈനയിലെ പുതിയ വൈറസ് വ്യാപനത്തിൽ ആശങ്ക വേണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനം ഇന്ത്യ നിരീക്ഷിക്കുകയാണെന്നും ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ അതുൽ ഗോയൽ വ്യക്തമാക്കി. രാജ്യത്ത് ശ്വാസകോശസംബന്ധമായ അണുബാധയിൽ 2024 ഡിസംബറിൽ വര്‍ധനയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വര്‍ധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ അവശ്യ സജ്ജീകരണങ്ങളും ഒരുക്കാറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധകൾ ബാധിക്കാതിരിക്കാന്‍ സാധാരണ മുന്‍കരുതലുകള്‍ പാലിക്കണമെന്നും ഗോയൽ നിർദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ അഞ്ചു വര്‍ഷം കഴിയുമ്പോഴാണ് മറ്റൊരു വൈറസ് വ്യാപനത്തിന്റെ ആശങ്ക ചൈനയില്‍നിന്ന് ഉയരുന്നത്. നിരവധിപ്പേർക്കു രോഗം ബാധിച്ചതായും വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ കടുത്ത ശ്വാസതടസവും അനുഭവപ്പെടാം. ന്യുമോണിയ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും ഈ അണുബാധ കാരണമാകാം. രോഗം ബാധിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇത് ബാധിക്കുന്നത്.