കളമശേരി: ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (എച്ച്എംടി) ന്റെ ആറ് യൂണിറ്റുകളിൽ ലാഭത്തിലായിരുന്ന കേരളത്തിലെ ഏക യൂണിറ്റും കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടരക്കോടി രൂപ നഷ്ടത്തിലായി. ഇതോടെ കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ എച്ച്എംടിയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർന്നിരിക്കുകയാണ്.
2016-17 സാമ്പത്തിക വര്‍ഷം 35 ലക്ഷം രൂപ ലാഭം നേടിയിടത്താണ് കളമശേരി യൂണിറ്റ് 12 മാസം കൊണ്ട് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയിരിക്കുന്നത്. യൂണിറ്റിൽ തൊഴിലാളികളെ കൂടുതൽ നിയമിച്ച് ഉത്പാദനം വർധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം നിലനിൽക്കെയാണ് 600 ഓളം ജോലിക്കാരുള്ള യൂണിറ്റ് നഷ്ടം രേഖപ്പെടുത്തിയത്.
അതേ സമയം മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണ് നഷ്ടത്തിന് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. ലഭിക്കുന്ന ഓർഡറുകൾ കൃത്യമായി ഏറ്റെടുത്ത് നിർവഹിക്കാനാകാത്തതാണ് സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നത്. 50 കോടി രൂപയുടെ ഓർഡർ ഉണ്ടായിട്ടും 45 കോടി രൂപയുടെ ഉത്പാദനം നടത്താനെ യൂണിറ്റിന് കഴിഞ്ഞിട്ടുള്ളൂ.
കമ്പോളത്തിലെ ആവശ്യങ്ങൾ മനസിലാക്കി വികസനം നടപ്പിലാക്കിയാൽ സ്ഥാപനം വൻ ലാഭത്തിലാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ തൊഴിലാളികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കിയാൽ യൂണിറ്റ് അടച്ചു പൂട്ടേണ്ടി വരുമെന്നാണ് മാനേജ്മെന്റ് നൽകുന്ന മുന്നറിയിപ്പ്.
ബംഗളൂരു, ഹൈദരാബാദ്, അജ്മീര്‍, പിഞ്ചോര്‍, പ്രാഗ എന്നിവിടങ്ങളിലാണ് എച്ച്എംടിയ്ക്കുള്ള മറ്റ് യൂണിറ്റുകൾ. ഏകദേശം 200 കോടി രൂപയുടെ ബിസിനസാണ് നടക്കുന്നത്. അതിൽ മൂന്നിലൊന്നും കളമശേരിയുടെ സംഭാവനയാണ്. നഷ്ടത്തിൽ നിന്ന് കഴിഞ്ഞ വർഷം കളമശേരി യൂണിറ്റ് കരകയറിയതാണ്. അതാണ് വീണ്ടും നഷ്ടത്തിലാകുന്നത്.
200 സ്ഥിരം ജീവനക്കാരും നാന്നൂറോളം കരാര്‍ ജീവനക്കാരും ട്രെയിനികളുമാണിവിടുള്ളത്. പ്രിന്റിംഗ് പ്രസുകൾ, ലെയ്ത്തുകൾ, ഡയറക്ടിംഗ് ഗിയറുകൾ തുടങ്ങിയവയാണ് പ്രധാനമായും ഇവിടെ നിർമിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി 3500-ല്‍ അധികം ജീവനക്കാരുണ്ടായിരുന്ന എച്ച്എംടി കളമശേരി യൂണിറ്റിൽ ഇപ്പോൾ ഒരു ഷിഫ്റ്റ് മാത്രമാണ് ഉള്ളത്.