ചോറ്റാനിക്കര: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ തലയിടിച്ച് പൊട്ടിച്ചു.
മുളന്തുരുത്തി കണിയാംമുഗൾ വീട്ടിൽ യോഹന്നാന്റെ മകൻ കെ.വൈ.തോമസാണ് (36) ആക്രമണത്തിനിരയായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തിരുവാണിയൂർ ഒഇഎൻ കമ്പനിക്ക് മുന്നിലൂടെ കാരിക്കോടുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്ന തോമസ് കമ്പനിക്ക് മുന്നിൽ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു.
ഈ സമയം കമ്പനിയിലേയ്ക്ക് ഒട്ടേറെ വാഹനങ്ങൾ കടന്നു വരുന്നത് കാരണം റോഡിലെ കുരുക്കിൽപ്പെട്ട തോമസിനെതിരേ ബൈക്കിൽ വന്ന കമ്പനി ജീവനക്കാരൻ വഴിമാറിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വാഹനം മാറ്റാൻ സാധിക്കാതെ വന്നതോടെ തോമസിനെ അസഭ്യം പറഞ്ഞ ജീവനക്കാരൻ വണ്ടിയിൽനിന്ന് വലിച്ച് താഴെയിറക്കി ആക്രമിക്കുകയും കമ്പനിയുടെ മതിലിൽ തലചേർത്ത് ഇടിക്കുകയുമായിരുന്നു.
തല പൊട്ടി ചോരയൊലിച്ചതോടെ നാട്ടുകാർ തോമസിനെ മുളന്തുരുത്തി ഗവ. ആശുപത്രിയിലും തുടർന്ന് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലുമെത്തിച്ചു.
തലയിൽ അഞ്ച് തുന്നിക്കെട്ടുണ്ട്. മർദനം നടത്തിയ ആംഫിനോൾ കമ്പനി ജീവനക്കാരൻ ആൽഫിക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.