കടുത്തുരുത്തി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് ലിക്യുഡേറ്ററുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗം പരിശോധിച്ചു. എച്ച്എൻഎല്ലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന്റെ (എച്ച്പിസി) ലിക്യുഡേറ്ററായ കുൽദീപ്വർമയാണ് ഇതുമായി ബന്ധപെട്ട് കൊൽക്കത്തയിൽ യോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ എച്ച്എൻഎൽ എം.ഡി. ആർ.ഗോപാലറാവു, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എച്ച്എൻഎല്ലിന്റെ നൂറ് ശതമാനം ഓഹരികളുടെയും ഉടമസ്ഥാവകാശം എച്ച്പിസിക്കാണ്. അതിനാലാണ് നിലവിൽ ലിക്യുഡേഷനിലല്ലെങ്കിലും എച്ച്പിസിയുടെ സബ്-സീഡിയറി സ്ഥാപനമായ എച്ച്എൻഎല്ലും ലിക്യുഡേറ്ററുടെ കീഴിലായത്.
സംസ്ഥാന സർക്കാർ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷന് (എച്ച്പിസി)ക്ക് ഏറ്റെടുത്ത് നൽകിയ ഭൂമി 30 ദിവസത്തിനകം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ കളക്ടർ എച്ച്എൻഎല്ലിന് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും യോഗം തീരുമാനിച്ചു.