കടുത്തുരുത്തി: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എൻഎൽ) ഏറ്റെടുക്കുവാനുള്ള തീരുമാനം അറിയിച്ചു സംസ്ഥാന സർക്കാർ ദേശീയ ട്രിബ്യൂണലിൽ റിപ്പോർട്ട് സമർപിച്ചു. നാഷണൽ കന്പനി ലോ ട്രിബ്യൂണലിന്റെ (എൻസിഎൽടി) കൊച്ചി ബഞ്ചിലാണ് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകിയത്.
കന്പനി സ്ഥിതി ചെയ്യുന്ന 700 ഏക്കർ സ്ഥലത്തിൽ സംസ്ഥാന സർക്കാരിനുള്ള അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള രേഖകളും കോടതിക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ കന്പനിക്കുള്ള 420 കോടിയോളം രൂപയുടെ ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
ഇതിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത തുകയുടെ 70 ശതമാനം തുക ഒറ്റത്തവണയായി തിരിച്ചടച്ചു കുടിശിക തീർക്കുമെന്നാണ് സർക്കാർ ട്രിബ്യൂണലിനെ അറിയിച്ചത്. വിവിധ ധനകാര്യ സ്ഥാപനങ്ങൾക്കായി 200 കോടിയോളം രൂപയാണ് കന്പനി വായ്പയെടുത്ത ഇനത്തിൽ തിരിച്ചടയ്ക്കാനുള്ളത്.
ശന്പളവും മറ്റ് ആനുകൂല്യങ്ങളുമായി ജീവനക്കാർക്കും തൊഴിലാളികൾക്കും കൊടുക്കുവാനുള്ള മുഴുവൻ തുകയും സർക്കാർ നൽകും. കേസ് തുടർവാദത്തിനായി ഈ മാസം 19 ലേക്ക് മാറ്റി. എൻസിഎൽടി കോടതിയെ സമീപിച്ച ധനകാര്യ സ്ഥാപനമായ രത്നാകർ ബാങ്കിന്റെ ഹർജിയിൽ കക്ഷി ചേർന്നാണ് സംസ്ഥാന സർക്കാർ എച്ച്എൻഎൽ ഏറ്റെടുക്കാൻ തയാറാണെന്ന റിപ്പോർട്ട് നൽകിയത്.
കന്പനി വായ്പയെടുത്ത ഇനത്തിൽ കുടിശിഖയായ 9.5 കോടി രൂപ തിരികെ കിട്ടണമെന്ന ആവശ്യവുമായാണ് സ്ഥാപനം ട്രിബ്യൂണലിനെ സമീപിച്ചത്. നിലവിൽ കഴിഞ്ഞ ജനുവരി ഒന്നിന് മുതൽ കന്പനിയുടെ പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്.