കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കുള്ള റെയിൽവേ ട്രാക്കിനു സമീപം മനുഷ്യ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഇന്ന് ഫോറൻസിക് പരിശോധന നടക്കും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിനെത്തുടർന്ന് അസ്ഥികൂടം ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ട്രാക്കിന്റെ ഒരു വശത്തെ കുഴലിലാണ് ഇന്നലെ അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.
പാലത്തിലൂടെ കടന്നുപോകുന്ന റെയിൽവേ ട്രാക്കിന്റെ ഇടതുവശത്ത് വയർലൈനിനായി നിർമിച്ച ഡക്ടിലായിരുന്നു അസ്ഥികൂടം.
സംഭവത്തിൽ അസ്വഭാവിക മരണത്തിന് എറണാകുളം നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തിനു പിന്നിൽ മറ്റു ദുരൂഹതകളെന്തെങ്കിലും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് പരിശോധിക്കും.
റെയിൽവേ പാലത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തൂണിന് ഇടയിലായായിരുന്നു അസ്ഥികൂടം.
മരിച്ചത് പുരുഷനോ സ്ത്രീയോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കും.
ഡിഎൻഎ പരിശോധന ഫലം പുറത്തു വരുന്നതോടെ കൂടുതൽ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.