ഇന്ന് കേരളം ഏറ്റവും ഭീതിയോടെ ഉച്ചരിക്കുന്ന നാമമാണ് നിപ്പാ വൈറസിന്റേത്. ഈ വൈറസിനെ കണ്ടെത്തിയിട്ട് ഏകദേശം മൂന്നു പതിറ്റാണ്ടിനോടടുക്കുമ്പോഴും ഫലപ്രദമായ ചികിത്സാരീതികള്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്നത് ഈ വൈറസിനെ കൊടും ഭീകരനാക്കുന്നു.
90കളിലെ ഒരു ഞായറാഴ്ച കാവ് ബിങ് ചുവ എന്ന ശാസ്ത്ര വിദ്യാര്‍ഥി കഴിച്ചുകൂട്ടിയത് പരീക്ഷണശാലയിലെ മൈക്രോസ്‌കോപ്പിനു ചുവട്ടിലായിരുന്നു. താന്‍ കണ്ടെത്തിയ വൈറസ് അത്ര ഭീകരനാണെന്ന ബോധ്യമാണ് ഭക്ഷണം പോലും ഉപേക്ഷിച്ച് അതിനെ നിരീക്ഷിക്കാന്‍ ആ വിദ്യാര്‍ഥിയെ പ്രേരിപ്പിച്ചത്.
ക്വലാലംപൂരിലെ മലയ സര്‍വകലാശാലയിലെ വൈറോളജി ലാബില്‍ ചുവ അന്നു കണ്ടെത്തിയത്, മാരകമായ നിപ്പ വൈറസിനെയായിരുന്നു. എന്നാല്‍, ചുവയുടെ കണ്ടെത്തലിനെ അംഗീകരിക്കാന്‍ പലരും വിസമ്മതിച്ചു.
പരീക്ഷണമൊക്കെ വലിച്ചെറിയാനായിരുന്നു വകുപ്പുമേധാവിയുടെ നിര്‍ദേശം. പക്ഷേ, ചുവ വിട്ടില്ല. കോളോയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ലാബിലേക്കു പറന്നു. അവിടെ ഈ വൈറസ് പരിശോധിച്ച ശാസ്ത്രജ്ഞന്മാര്‍ അമ്പരന്നു. പാരാമൈക്‌സോ വിഭാഗത്തില്‍പെട്ട മാരകമായ വൈറസാണ് അതെന്ന് അവര്‍ തിരിച്ചറിഞ്ഞു.
എന്നാല്‍ ചുവയുടെ കണ്ടെത്തല്‍ അംഗീകരിക്കപ്പെട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. മലേഷ്യയാകെ വ്യാപിച്ച വൈറസ് ഒട്ടേറപ്പേരുടെ ജീവനെടുത്തു. കൊതുകില്‍നിന്നു പടരുന്ന എന്തോ രോഗമാണെന്നു കരുതി വ്യാപകമായ കൊതുകുനശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു മലേഷ്യയിലെ ആരോഗ്യ വകുപ്പ്.
എന്നാല്‍, ഈ വൈറസുകളെ കണ്ടെത്തിയതോടെ പന്നികളില്‍നിന്നാണ് രോഗം പകരുന്നതെന്നു വ്യക്തമായി. അങ്ങനെ പന്നികളെ കൊന്നൊടുക്കുകയും ആറുമാസത്തോളം മലേഷ്യയില്‍ ഭീതിപടര്‍ത്തിയ രോഗം, ശമിക്കാന്‍ തുടങ്ങുകയും ചെയ്തു.
കെ.ബി.ചുവ ഡോക്ടറായി, ഇംഗ്ലണ്ടിലും യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയിലും ഉപരിപഠനം നടത്തി. യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയില്‍ മെഡിക്കല്‍ മൈക്രോബയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കവേ ചുവ മറ്റൊരു വൈറസിനെക്കൂടി കണ്ടെത്തി ടിയോമാന്‍ വൈറസ്. ഇതും പാരാമൈക്‌സോ വിഭാഗത്തില്‍ പെട്ടതായിരുന്നു.
നിരീക്ഷണങ്ങള്‍ ദിനചര്യയാക്കിയ ചുവ നാലു തരം വൈറസുകളെക്കൂടി പിന്നീട് കണ്ടെത്തി. ഇപ്പോള്‍ സിംഗപ്പൂരിലെ ടെമാസെക് ലൈഫ് സയന്‍സസ് ലബോറട്ടറിയില്‍ സ്ട്രാറ്റജിക് ഗവേഷണവിഭാഗം സീനിയര്‍ ഡയറക്ടറാണു ഡോ. ചുവ. മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു പകരുന്ന രോഗങ്ങള്‍ തടയാനുള്ള വാക്‌സിന്‍ കണ്ടെത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഈ 65-ാം വയസിലും ആ പഴയ ശാസ്ത്ര വിദ്യാര്‍ഥിയുടെ ഉത്സാഹത്തോട് ചുവ പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി.