കൊച്ചി: കാക്കനാട്ടെ ഫല്റ്റില്നിന്നും ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ പ്രതികളുമായി നേരിട്ട് ബന്ധമുള്ള രാജാവ് എന്നു വിളിപ്പേരുള്ള വയനാട് സ്വദേശിയായ ജിതിൻ എവിടെയാണെന്നതിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ്.
സംസ്ഥാനത്തെ മറ്റ് എക്സൈസ് ഓഫീസുകള്‍ വഴിയും ഇയാള്‍ക്കായി തെരച്ചിൽ നടത്തിവരികയാണ്. കേസിലെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് കരുതുന്നത്.
റേവ് പാര്‍ട്ടികളുടെ നടത്തിപ്പിന് നേതൃത്വം നല്കിയിരുന്നതും ജിതിനായിരുന്നു.
കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ജിതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചത്.
അതേസമയം പ്രതികളുമായി ബന്ധമുള്ള അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നേരത്തെ കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോണ്‍രേഖകളില്‍ നിന്നു ലഭിച്ച നിര്‍ണായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമയരുന്നു വാങ്ങിയവരിലേക്കും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി തമിഴ്നാട്ടിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായവും എക്സൈസ് ക്രൈംബ്രാഞ്ച് തേടിയിരുന്നു.
കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ത്വയ്ബയെ മാത്രമാണ് ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ളത്. മറ്റ് അഞ്ച് പ്രതികളും കസ്റ്റംസിന്റെ ചോദ്യംചെയ്യലിനു ശേഷം ഇപ്പോൾ റിമാൻഡിലാണ്.