ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍17 ലോകകപ്പിനു മുന്നോടിയായി നടന്ന സന്നാഹമത്സരത്തില്‍ ഇന്ത്യന്‍ ടീം കരുത്തരായ ഇറ്റലിയെ 2-0ന് തോല്‍പ്പിച്ചു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം കൊണ്ടാടിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്ത ആഘോഷമാക്കിയ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഈ വാര്‍ത്ത വലിയ ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് ഏറ്റുപിടിച്ച മാധ്യമങ്ങളും രാജ്യമെങ്ങും പ്രചരിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു.
വാര്‍ത്ത സത്യമാണെന്ന് കരുതി ഫുട്ബോള്‍ ആരാധകര്‍ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ കൊണ്ടാടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെയെല്ലാം
വിഡ്ഢിയാക്കുകയായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളും വ്യാജവാര്‍ത്ത പുറത്തുവിട്ട അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍-17 ടീം ഇറ്റാലിയന്‍ അണ്ടര്‍-17 ദേശീയ ടീമിനെ 2-0ന് തോല്‍പ്പിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചരിത്രവിജയമെന്നായിരുന്നു അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇന്ത്യ ഇറ്റാലിയന്‍ ടീമിനെ തോല്‍പ്പിച്ചു എന്ന വാര്‍ത്ത ശരിയാണ് അത് ഇറ്റാലിയന്‍ ദേശീയ ടീമിനെ ആയിരുന്നില്ല എന്നു മാത്രം. ഇറ്റലിയിലെ മൂന്നാം ഡിവിഷന് ഫുട്ബോള്‍ ലീഗായ ലിഗാ പ്രോയിലെയും ലിഗാ പ്രോ രണ്ടിലെയും അണ്ടര്‍-17 വിഭാഗത്തിലെ കളിക്കാര്‍ അണിനിരന്ന ടീമിനെതിരെയായിരുന്നു ഇന്ത്യയുടെ ആ ‘ ചരിത്ര വിജയം’.നേരത്തെ ഒന്നാം ഡിവിഷനില്‍ നിന്നും തരത്താഴ്ത്തപ്പെട്ടതും ഇപ്പോള്‍ മൂന്നാം ഡിവിഷനില്‍ കളിക്കുന്നതുമായ പാര്‍മയുടെയും അല്‍ബിനോലെഫെയുടെയും വെബ്സൈറ്റുകളിലും ലിഗ പ്രോയുടെയും ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമാണ്.
ഇന്ത്യ ഇറ്റാലിയന്‍ ദേശീയടീമിനെ തോല്‍പ്പിച്ചു എന്ന പ്രചരണം സോഷ്യല്‍മീഡിയയിലൂടെ കൊണ്ടുപിടിച്ച് തുടരുകയാണ്. പല പ്രമുഖ കായികതാരങ്ങളും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് രംഗത്തു വന്നിരുന്നു. പക്ഷെഇറ്റാലിയന് ഫുട്ബോള്‍ ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു മത്സരത്തെ കുറിച്ച് പറയുന്നതേയില്ല എന്നതാണ് കൗതുകം. മാത്രമല്ല ഒരൊറ്റ ഇറ്റാലിയന്‍ മാധ്യമം പോലും ഈ മത്സരത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.ഇന്ത്യന്‍ ഫുട്ബോള്‍ അധികാരികളുടെ വ്യജ പ്രചരണത്തില്‍ ഇറ്റാലിയന്‍ പരിശീലകര്‍ ഉള്‍പ്പെടെ അത്ഭുതപ്പെട്ടിരിക്കുകയാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Dance the night away! A historic feat as #India U17s defeat #Italy U17 2-0. A historic feat for all #Indians. #BackTheBlue pic.twitter.com/bfduCPOc49
— Indian Football Team (@IndianFootball) May 19, 2017