മത്തിയുടെ വയറ്റില്‍ മനുഷ്യനഖവും തലമുടിയും; ഓഖിയെ മറയാക്കി മത്സ്യവിപണിയെ തകര്‍ക്കാന്‍ മാംസലോബി മെനയുന്ന കഥകള്‍ ഇങ്ങനെ…

സുനാമി അലയടിച്ചശേഷം വ്യാപകമായ കെട്ടുകഥകളാണ് കേരളത്തിലുടനീളം പ്രചരിച്ചത്. രാവിലെ കറി വക്കാന്‍ വാങ്ങിയ മീനിന്റെ വയറ്റില്‍ സ്വര്‍ണമോതിരം, മനുഷ്യന്റെ വിരല്‍ എന്നിങ്ങനെയായിരുന്നു കഥകള്‍. ഇപ്പോള്‍ ഓഖി ദുരന്തത്തിനു ശേഷവും ഇത്തരം കഥകളുമായി പലരും രംഗത്തിറങ്ങിയിട്ടുണ്ട്.

ഓഖിക്കുശേഷം വാങ്ങുന്ന മത്തിയുടെ വയറ്റില്‍വരെ മനുഷ്യനഖവും തലമുടിയുമുണ്ടെന്ന തരത്തിലാണ് കഥകള്‍ പ്രചരിക്കുന്നത്. ക്രിസ്മസ് കച്ചവടം പൊടിപൊടിക്കാന്‍ തയാറെടുക്കുന്ന മാംസലോബിയാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കു പിന്നില്‍. ഇത്തരം തള്ളലുകള്‍ ചെറുതല്ലാത്ത രീതിയില്‍ മത്സ്യവിപണിയെ ബാധിക്കുന്നുമുണ്ട്. മാസങ്ങള്‍ക്കു മുമ്പ്, ”ഇറച്ചിക്കോഴിക്ക് അര്‍ബുദം” എന്ന കള്ളപ്രചാരണമുണ്ടായപ്പോള്‍ കൂട്ടുനിന്ന മത്സ്യലോബിയാണ് ഇപ്പോള്‍ ഓഖിയില്‍ വിയര്‍ക്കുന്നത് എന്നതു മറുവശം. ക്രിസ്മസ്, ഈസ്റ്റര്‍ കാലങ്ങളില്‍ പരസ്പരം പാരയും മറുപാരയും പണിയുന്നത് ഇറച്ചി, മത്സ്യ ലോബികളുടെ പതിവാണ്. സുനാമി ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ച മീനാണു വില്‍പ്പനയ്ക്ക് എത്തുന്നതെന്നായിരുന്നു അന്നത്തെ പ്രചാരണം. മീനിന്റെ വായില്‍ മോതിരം കണ്ടെത്തി, വിരല്‍ കണ്ടെത്തി എന്നിങ്ങനെ കഥകള്‍ പ്രചരിച്ചതോടെ നാളുകളോളം മത്സ്യവ്യാപാരം ഇടിഞ്ഞു. സാമൂഹികമാധ്യമങ്ങളുടെ സ്വാധീനമേറിയതോടെ ഇത്തരം കഥകള്‍ പല നിറങ്ങള്‍ ചാര്‍ത്തപ്പെട്ട് കാട്ടുതീ പോലെ പടരുകയാണ്.

തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരുന്ന ഇറച്ചിക്കോഴിക്ക് അര്‍ബുദം എന്നമട്ടില്‍ ചിത്രങ്ങള്‍ സഹിതം വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ചതോടെ വില കൂപ്പുകുത്തി. അന്ന് 110 രൂപയുണ്ടായിരുന്ന ഇറച്ചിക്കോഴിവില 70 രൂപയിലെത്തി. സംസ്ഥാന ആരോഗ്യവകുപ്പ് ഇക്കാര്യം നിഷേധിച്ചെങ്കിലും പ്രചാരണം തുടര്‍ന്നു. അന്ന് ഇതിനു പിന്നില്‍ കളിച്ചതാവട്ടെ മത്സ്യലോബിയും. അതിനു മറുപാരയുമായാണ് ഇപ്പോള്‍ മാംസലോബി രംഗത്തിറങ്ങിയിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നുണ്ടെന്നും പല മത്സ്യങ്ങളുടെ വയറ്റില്‍ നിന്നും മനുഷ്യമുടിയും നഖവും കിട്ടിയെന്നുമുള്ള തരത്തിലാണ് കഥകള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരണം മത്സ്യവിപണിയില്‍ ഇടിവുണ്ടാക്കിയിട്ടുമുണ്ട്. ഇതേത്തുടര്‍ന്ന് ഇറച്ചിക്കോഴിവില 84 രൂപയില്‍നിന്നു രണ്ടാഴ്ചകൊണ്ട് 110-120 രൂപയിലെത്തുകയും ചെയ്തു. തമിഴ്‌നാട്ടില്‍ പക്ഷിപ്പനി, ആന്ത്രാക്‌സ്, കുളമ്പുരോഗം തുടങ്ങിയവ വ്യാപകമാണെന്ന പ്രചാരണം മത്സ്യലോബികള്‍ എല്ലാ സീസണിലും നടത്താറുണ്ട്. ഇതിനു മറുപണിയാണ് ഇപ്പോള്‍ മാംസലോബി പയറ്റുന്നത്.

 

 

Related posts