തിരുവനന്തപുരം: നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ 2020–ലെ ടോക്കിയോ ഒളിമ്പിക്സില്‍ മെഡല്‍ നേടാനാകുമെന്നു ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ്. ഇന്ത്യന്‍ ഹോക്കിയെ പഴയ പ്രതാപകാലത്തേയ്ക്കു മടക്കിക്കൊണ്ടു പോകണം. നാല്പതു താരങ്ങളെ ഉള്‍പ്പെടുത്തി കോര്‍ഗ്രൂപ്പ് ഉണ്ടാക്കി ടോക്കിയോ ഒളിമ്പിക്സിനു തയാറെടുക്കുകയാണ്. ഇപ്പോള്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യയെ നാലാം സ്ഥാനത്ത് എത്തിക്കുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രീജേഷ്.
ഒളിമ്പിക്സിനുള്ള തയാറെടുപ്പുകള്‍ ടീം തുടങ്ങി. എന്നാല്‍ നാലുവര്ഷമെന്നത് ഒത്തിരി ദൂരമുണ്ട്. നിലവിലുള്ള പല കളിക്കാരും മാറിയേക്കാം. താന്‍ തന്നെ ടീമില്‍ ഉണ്ടാകണമെന്നില്ല. ജൂണിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തി കോര്‍ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ചാമ്പ്യനാവുക എന്നത് ഒരു രാത്രി വെളുക്കുമ്പോള്‍ ഉണ്ടാവുകയില്ല. അതിനായി കഠിനമായി പ്രയത്നിക്കേണ്ടതുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. കേരളത്തില്‍ ഹോക്കിക്കായി ഒരു അക്കാദമി ആരംഭിക്കുന്നതു മനസിലുണ്ട്. പക്ഷേ അതിനു നല്ല കളിക്കളവും ഹോസ്റ്റല്‍ സൗകര്യവും സാമ്പത്തികവുമെല്ലാം വേണം. താന്‍ പഠിച്ചിറങ്ങിയ ജി.വി. രാജ സ്കൂളിനെ പ്രതാപകാലത്തേയ്ക്കു കൊണ്ടുവരുന്നതിനു സാധ്യമായത് ചെയ്യും. –ശ്രീജേഷ് പറഞ്ഞു.