കോഴിക്കോട്: പാണ്ടിക്കാട്ടെ നിപ ഉറവിടം അമ്പഴങ്ങ തന്നെയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിപ ബാധിച്ച് മരിച്ച കുട്ടി പ്രദേശത്തെ ജലാശയത്തില്‍ കുളിക്കാന്‍ പോയതായും ഇവിടുത്തെ മരത്തില്‍നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായും സുഹൃത്തുക്കള്‍ വിവരം നല്കി. മരിച്ച കുട്ടിമാത്രമാണ് അമ്പഴങ്ങ കഴിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ കുട്ടിയുടെ ബന്ധുക്കളില്‍നിന്നും വിവരം ശേഖരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അമ്പഴങ്ങ ലഭിച്ച സ്ഥലവും അധികൃതര്‍ പരിശോധിച്ചു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ വിദ്യാര്‍ഥി മറ്റ് ജില്ലകളില്‍ പോയിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍കൂടി പരിശോധിച്ചശേഷം ഉറവിടം സ്ഥിരീകരിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള (എന്‍ഐവി) പ്രത്യേക സംഘമെത്തി. ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റ് സര്‍വൈലന്‍സ് (വവ്വാല് നിരീക്ഷണം) ടീമാണ് മലപ്പുറത്തെത്തിയത്.
നിപ ബാധിച്ച് മരിച്ച വിദ്യാര്‍ഥിക്ക് വൈറസ് ബാധയേല്ക്കാനിടയായ സാഹചര്യം സംഘം പരിശോധിക്കും. പ്രദേശത്തെ വവ്വാലുകളില്‍ പഠനം (പാര്‍ഷ്യല്‍ ജെനോമിക് സീക്വന്‍സിംഗ്) നടത്തും. ഇതിനായി മേഖലയില്‍ നിരീക്ഷണ കാമറ സ്ഥാപിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘവും ജില്ലയിലെത്തി.
മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിച്ചു
പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് ഒരുകിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുമൃഗങ്ങളുടെ കണക്കുകള്‍ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചു. 1200 കോഴി, 82 പശു, 98 ആട്, 11 പോത്ത്, 20 പൂച്ച, അഞ്ച് പട്ടി എന്നിങ്ങനെയാണ് മൃഗങ്ങളുള്ളത്. കണ്ടെത്തിയ മൃഗങ്ങളുടെ പത്ത് ശതമാനത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു.
പത്ത് പശു, 14 ആട്, ഓരോന്നുവീതം പട്ടി, പൂച്ച, പോത്ത് എന്നിവയുടെ സാമ്പിളാണ് എടുത്തത്. ഇവ ചൊവ്വാഴ്ച ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലേക്ക് (ഐസിഎആര്‍ ) അയക്കും.
മഞ്ചേരിയില്‍ മൊബൈല്‍ ലാബ് ഇന്നുമുതല്‍
നിപ പരിശോധനയ്ക്ക് മൊബൈല്‍ ലാബ് സജ്ജീകരിക്കാന്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി.
മൊബൈല്‍ ലാബ് ഒരുക്കാനുള്ള സൗകര്യം സംഘം വിലയിരുത്തി. ലാബ് ചൊവ്വാഴ്ച പ്രവര്‍ത്തനം തുടങ്ങും. ഇതോടെ പൂണെയിലെ സ്രവ പരിശോധന ഇവിടെതന്നെ നടത്താനും ഫലം വേഗം ലഭ്യമാക്കാനുമാകും.