ഭുവനേശ്വര്‍: ഇന്ത്യയുടെ ദേശീയ കായികവിനോദമായ ഹോക്കിയില്‍ ലോകത്തിനു മുന്നില്‍ നഷ്ടമായ പ്രതാപം വീണ്ടെടുക്കാന്‍ ഇന്ത്യ ഇറങ്ങുന്നു. ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്നാണ്. ഇത്തവണ മികച്ച ഒത്തിണക്കവും ആത്മവിശ്വാസവും സ്വന്തം കാണികള്‍ നല്കുന്ന പിന്തുണയും ഇന്ത്യക്കുണ്ട്.
ലോകകപ്പില്‍ ഇന്ത്യക്ക് ഇപ്പോഴും 43 വര്‍ഷം മുമ്പ് നേടിയ കിരീടത്തിന്റെ കണക്കു മാത്രമേ പറയാനുള്ളൂ. പിന്നീട് ഒരു കിരീടം സ്വന്തമാക്കാനാവാത്തതിന്റെ വേദനമാറാന്‍ ഇന്ത്യക്ക് കിരീടം കൂടിയേ തീരൂ. അതും സ്വന്തം മൈതാനത്താകുമ്പോള്‍ അതിന്റെ മാധുര്യം കൂടും. പൂൾ സിയില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ നേരിടുന്നത്. കലിംഗ സ്റ്റേഡിയത്തില്‍ ജയത്തോടെ തുടങ്ങാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പൂൾ സിയിലെതന്നെ ബെല്‍ജിയം-കാനഡ പോരാട്ടമാണ് ഉദ്ഘാടന മത്സരം.
എട്ട് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യക്ക് 1975ല്‍ അജിത് പാല് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യമായി ലോക കിരീടം നേടിക്കൊടുത്തത്. അന്ന് പാക്കിസ്ഥാനെ 2-1ന് കീഴടക്കി കിരീടത്തില്‍ മുത്തമിട്ടു.
1973ലെ ലോകകപ്പില്‍ ഫൈനലിലെത്തിയെങ്കിലും ഇന്ത്യ പെനല്‍റ്റി സ്ട്രോക്കില്‍ 4-2ന് നെതര്‍ലന്‍ഡ്സിനോടു തോറ്റു. 1971ലായിരുന്നു ഹോക്കി ലോകകപ്പിന്റെ കന്നി ടൂര്‍ണമെന്റ്. ആ വര്‍ഷം മൂന്നാം സ്ഥാനം നേടി.
1975ലെ കിരീട നേട്ടത്തിനുശേഷം ഇന്ത്യക്ക് ഒരിക്കല്‍പ്പോലും സെമി ഫൈനലിലെത്താനായിട്ടില്ല. ഹോക്കിയില്‍ യൂറോപ്യന്‍ ശക്തികളായ നെതര്‍ലന്‍ഡ്സും ജര്‍മനിയും പിന്നെ ഓസ്ട്രേലിയയും വളര്‍ന്നുവന്നതോടെ ഇന്ത്യക്ക് ഇവര്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനുമായില്ല. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഈ മൂന്നു ശക്തികളും പാക്കിസ്ഥാനും കിരീടങ്ങള്‍ നേടിക്കൊണ്ടിരുന്നു.
1975നുശേഷമുള്ള പത്ത് ലോകകപ്പുകളില്‍ 1982ല്‍ ബോംബെയില്‍ നടന്ന ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ ഇത്തവണ ചരിത്രമെഴുതാനുള്ള തയാറെടുപ്പിലാണ്.
നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ജര്‍മനി ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന എന്നിവരെയെല്ലാം മറികടന്നാല്‍ മാത്രമേ ഇന്ത്യക്ക് കോടിക്കണക്കിന് ആരാധകരുടെ സ്വപ്നം സഫലമാക്കാനാകൂ. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ സമ്മര്‍ദവും ഒരു വശത്തുണ്ട്.
2010ല്‍ ന്യൂഡല്‍ഹി ലോകകപ്പിലാണ് ഇന്ത്യ അവസാനമായി കളിച്ചത്. അന്ന് ഇന്ത്യ എട്ടാം സ്ഥാനത്തായി. ഇതോടെ ആതിഥേയരാജ്യം മോശം സ്ഥാനത്തെത്തിയ നാണംകെട്ട റിക്കാര്‍ഡ് ഇന്ത്യ നേടി.
രണ്ടും കല്പിച്ച് ഹരേന്ദ്ര സിംഗ്
ഹരേന്ദ്ര സിംഗ് പരിശീലിപ്പിക്കുന്ന സംഘം പുതിയ ചരിത്രപിറവിക്കാണ് സ്വന്തം മണ്ണില്‍ ഇറങ്ങുന്നത്. ഈ ടൂര്‍ണമെന്റ് ഹരേന്ദ്ര സിംഗിനു ജീവന്മരണ പോരാട്ടമാണ്. ഇന്ത്യക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നിലനിര്‍ത്താനായിരുന്നില്ല. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഹരേന്ദ്ര സിംഗിനു സ്ഥാനം നിലനിര്‍ത്താം. രണ്ടു വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ ജൂണിയര്‍ ടീം ലോക ചാമ്പ്യന്മാരായിരുന്നു. ലോകകപ്പ് നേടിയ 18 ജൂണിയര്‍ കളിക്കാരില്‍ ഏഴു പേരെ അദ്ദേഹം സീനിയര്‍ ടീമില്‍ നായകന് മന്‍പ്രീത് സിംഗ്, പി.ആര്. ശ്രീജേഷ്, ആകാശ്ദീപ് സിംഗ്, ബിരേന്ദ്ര ലക്ര എന്നിവര്ക്കൊപ്പമെത്തിച്ചു.
യുവത്വവും പരിചയസമ്പത്തും
യുവത്വവും പരിചയസമ്പത്തും നിറഞ്ഞതാണ് ഇത്തവണത്തെ ഇന്ത്യയുടെ ലോകകപ്പ് ടീം. ജൂണിയര്‍ ലോകകപ്പ് ജേതാക്കളിലെ ഏഴു പേരാണു ടീമില്‍. ഇവരില്‍ സ്ട്രൈക്കര്‍ ദില്‍പ്രീത് സിംഗും ഹര്‍ദിക് സിംഗും മികച്ച കളിക്കാരാണ്. എന്നാല്‍ രണ്ടു പേരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും. ഡ്രാഗ്ഫ്ളിക് വിദഗ്ധന്‍ രുപീന്ദര്‍ പാല് സിംഗിനെ ടീമില്‍നിന്നു പുറക്കി. സ്ട്രൈക്കര്‍ എ.വി. സുനിലിനു പരിക്കുമാണ്.
ലോക 15-ാം റാങ്ക് ദക്ഷിണാഫ്രിക്കയെയും 11-ാം റാങ്ക് കാനഡയെയും മറികടന്നാലും ഇന്ത്യക്കു ലോക മൂന്നാം റാങ്കുകരായ ബെല്‍ജിയം വെല്ലുവിളിയാകും.
പൂള് ജേതാക്കളായാല്‍ മാത്രമേ നേരിട്ടു ക്വാര്‍ട്ടറിലെത്താനാകൂ. രണ്ടാം സ്ഥാനക്കാര്‍ക്ക് ക്രോസ് ഓവര്‍ കളിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മത്സരം കഴിഞ്ഞാല്‍ ഡിസംബര്‍ രണ്ടിന് ബെല്‍ജിയത്തെയും എട്ടിനു കാനഡയെയും നേരിടും.
2002 ആദ്യമായാണ് 16 ടീമുകള്‍ ഉള്ള ലോകകപ്പ്. നാലു പൂളിലെ ആദ്യ സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്രോസ് ഓവറിലൂടെ മാത്രമേ ക്വാര്‍ട്ടറിലെത്താനാകു. നാലു മത്സരമാണു ക്രോസ് ഓവറില്‍.ഇത്തവണയും ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ജര്‍മനി ടീമുകളാണു ലോകകപ്പിലെ ഫേവറിറ്റുകള്‍.