ന്യൂഡൽഹി: ബ്രിട്ടനിൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽനിന്ന് ഇന്ത്യൻ ഹോക്കി ടീം പിന്മാറി. കോവിഡും ബ്രിട്ടനിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്വാറന്റൈൻ നിബന്ധനയും ചൂണ്ടിക്കാട്ടിയാണു ബർമിങ്ഹാം കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീം പിന്മാറിയിരിക്കുന്നത്.
യുകെ സർക്കാരിന്റെ 10 ദിന നിർബന്ധിത ക്വാറന്റൈൻ അടക്കമുള്ള മാനദണ്ഡങ്ങൾ കാരണമാണ് ഇന്ത്യൻ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോമണ്വെൽത്തിനേക്കാൾ പ്രാധാന്യം ഏഷ്യൻ ഗെയിംസിനാണെന്നും ഇതിലൂടെയേ 2024 പാരിസ് ഒളിന്പിക്സിന് ബെർത്ത് ഉറപ്പിക്കാനാകൂ എന്നും ഹോക്കി ഇന്ത്യ അറിയിച്ചു.
ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു നേരിട്ട് ഒളിന്പിക്സിനു യോഗ്യത ലഭിക്കും. 2022 ജൂലൈ 28 മുതൽ ഓഗസ്റ്റ് എട്ട് വരെയാണു ബർമിങ്ഹാം കോമണ്‍വെൽത്ത് ഗെയിംസ്. ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ പത്തു മുതൽ 25 വരെയും.
ഇന്ത്യൻ ടീമിനെ ബ്രിട്ടനിലേക്ക് അയച്ച് അവരെ കോവിഡ് രോഗബാധിതരാകാൻ അനുവദിക്കില്ലെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനേന്ദ്രോ നിങ്കൊന്പം പറഞ്ഞു. ഇന്ത്യ ടീം പിന്മാറുന്ന കാര്യം ഹോക്കി ഇന്ത്യ, ഇന്ത്യൻ ഒളിന്പിക് അസോസിയേഷനെ അറിയിച്ചു. ഇത് അംഗീകരിക്കുകയും ചെയ്തു.
ഇന്ത്യയിൽനിന്ന് കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച് എത്തുന്നവർക്കും ക്വാറന്റൈൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ നടപടി വിവാദമായിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കോവിഷീൽഡിനെ ബ്രിട്ടൻ അംഗീകൃത വാക്സിൻ പട്ടികയിൽ ഉൾപ്പെടുത്തി
. എന്നാൽ, ഇന്ത്യൻ സർക്കാരിന്റെ കോവിൻ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ല എന്ന നിലപാട് ബ്രിട്ടൻ തുടർന്നു. ഇതിന് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടി നൽകി.ഇന്ത്യയിൽ എത്തുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഇന്ത്യ പ്രഖ്യാപിച്ചു.
അതിനിടെ, ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജൂണിയർ ലോകകപ്പിൽനിന്നു ബ്രിട്ടൻ പിന്മാറിയിരുന്നു. ഇതിനു പിന്നാലെയാണു കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യൻ ഹോക്കി ടീം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്.