ബംഗളൂരു: അവസാന മത്സരവും ജയിച്ച് ഇന്ത്യൻ ഹോക്കി ടീം ന്യൂസീലൻഡിനെതിരായ മൂന്നു മത്സരങ്ങളുടെ പരമ്പര തൂത്തുവാരി. ബംഗളൂരു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ കാമ്പസിൽ നടന്ന അവസാന മൽസരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സന്ദർശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്.
രുപിന്ദർ പാൽ സിംഗ് (8), സുരേന്ദ്ര കുമാർ (15), മൻദീപ് സിംഗ് (44), ആകാശ്ദീപ് സിംഗ് (60) എന്നിവരാണ് ഗോളുകൾ നേടിയത്.ആദ്യ ക്വാർട്ടറിൽ ഇന്ത്യ ഒരു ഗോളിനു മുന്നിലായിരുന്നു. രുപിന്ദർ ഇന്ത്യക്ക് ലഭിച്ച രണ്ടാമത്തെ കോർണർ ഗോളാക്കി മാറ്റുകയായിരുന്നു. പരമ്പരയിൽ രുപിന്ദറിന്റെ നാലാമത്തെ ഗോളായിരുന്നു ഇത്.
രണ്ടാമത്തെ ഗോളും രുപിന്ദറിന്റെ സ്റ്റിക്കിന്റെ സഹായത്താലായിരുന്നു. രുപിന്ദറിന്റെ അസിസ്റ്റിൽ സുരേന്ദ്ര കുമാറാണ് ഗോൾ നേടിയത്. അവസാന രണ്ടു ക്വാർട്ടറുകളിൽ രണ്ടു ഗോളുകൾ കൂടി നേടി ഇന്ത്യ ഗോൾ പട്ടിക പൂർത്തിയാക്കി.