പാരീസ്: 44 വർഷത്തിനുശേഷം ഒളിന്പിക് ഹോക്കി ഫൈനലിൽ പ്രവേശിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ ജർമനി തകർത്തു. പുരുഷന്മാരുടെ സെമി ഫൈനൽ പോരാട്ടത്തിൽ ജർമനി 3-2ന് ഇന്ത്യയെ തോൽപ്പിച്ചു. ഇന്ത്യ വെങ്കല മെഡൽ മത്സരത്തിൽ സ്പെയിനിനെ നേരിടും. നാളെയാണ് മത്സരം.
ആവേശകരമായ സെമിയിലെ ആദ്യ ക്വാർട്ടറിൽ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. രണ്ടാം ക്വാർട്ടറിൽ ഗോണ്‍സാലോ പീലറ്റ് ജർമനിക്കു സമനില നൽകി. ആദ്യ പകുതി തീരുംമുന്‍പ് ക്രിസ്റ്റഫർ റൂഹർ പെനാൽറ്റി സ്ട്രോക്കിലൂടെ ജർമനിക്കു ലീഡ് നൽകി.
മൂന്നാം ക്വാർട്ടറിൽ സുഖ്ജീത് സിംഗ് ഇന്ത്യക്ക് സമനില നൽകി. അവസാന ക്വാർട്ടറിൽ ജർമനിയുടെ ആക്രമണങ്ങൾ ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് തടഞ്ഞുനിർത്തി.കളി തീരാൻ ഏതാനും മിനിറ്റുകൾ ബാ ക്കിയുള്ളപ്പോൾ മാർകോ മിൽറ്റ്കൗ ജർമനിയുടെ ജയം ഉറപ്പിച്ചു.