വടക്കഞ്ചേരി: ജില്ലാ അതിർത്തിയിലെ പന്തലാംപാടം മേരിമാതാ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഹോക്കിക്ക് ഏറെ വളക്കൂറുള്ളതാണ്. ഇവിടെ കായികാധ്യാപകൻ ജോണ് മാത്യുവിന്റെ ശിക്ഷണത്തിൽ ഹോക്കിയിലൂടെ ജീവിതം പച്ചപ്പിടിപ്പിച്ചവർക്ക് കണക്കില്ല. അത്രയേറെയുണ്ട് ജോണ് മാഷിന്റെ ഹോക്കിയിലെ ശിഷ്യർ. 1989-ൽ തുടങ്ങിയ ഈ വിജയകുതിപ്പ് 2017ലും തുടരുകയാണ്.
ഈമാസം പകുതിയോടെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ഹോക്കി ചാന്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്റെ (ആണ്) പരിശീലന ക്യാന്പ് നടക്കുന്നത് പന്തലാംപാടം സ്കൂൾ ഗ്രൗണ്ടിൽ ജോണ് മാഷിനു കീഴിലാണ്.
അണ്ടർ 17, അണ്ടർ 19 എന്നീ ടീമുകളുടെ പരിശീലനവും ഇവിടെതന്നെ. രണ്ടു ടീമിലുമായി 36 പേരാണുള്ളത്. ഇതിൽ 24 പേരും പന്തലാംപാടം സ്കൂളിൽനിന്നുള്ള താരങ്ങളാണ്.പെണ്കുട്ടികളുടെ ക്യാന്പ് പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്.
തീവ്രപരിശീലന മുറകളാണ് പന്തലാംപാടം സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും പരിശീലനതന്ത്രങ്ങൾ. ചുവടുപിഴയ്ക്കുന്ന പുതിയ അടവുകളിലൂടെ ഇക്കുറിയും ജില്ലയെ ചാന്പ്യൻപട്ട പദവിയിലെത്തിക്കാനുള്ള വിസ്മയ പ്രകടനങ്ങളാണ് ഓരോദിവസവും നടക്കുന്നത്.
മറ്റു ജില്ലാ ടീമുകളും ഇക്കുറി ശക്തരായതിനാൽ അടവുകളിൽനിന്ന് പി·ാറാനോ തന്ത്രങ്ങളിലോ പാളിച്ചകളോ ഉണ്ടാകാൻ പാടില്ല. അത്രയും കരുതലോടെയാണ് ജോണ്മാഷിന്റെ കരുനീക്കം.
പന്തലാംപാടം സ്കൂളിൽനിന്നും ഹോക്കിയിലൂടെ കായികാധ്യാപകരായും പോലീസിലും മറ്റു സേനാവിഭാഗങ്ങളിലും സർക്കാർ സർവീസുകളിലും കയറികൂടിയവർ നിരവധിപേരാണ്. പല കോളജ് ടീമുകളിലും ക്യാപ്റ്റനും താരമികവിൽ നില്ക്കുന്നവരും ഫാ. ജോസ് കുളന്പിൽ മാനേജരും സണ്ണി എൻ.ജേക്കബ് പ്രിൻസിപ്പൽ ഇൻചാർജുമായ പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണെന്നതും ശ്രദ്ധേയമാണ്.