ലണ്ടൻ: വനിതാ ലോകകപ്പ് ഹോക്കിയിൽ ഇന്ത്യ പ്ലേ ഓഫിൽ പ്രവേശിച്ചു. പൂൾ ബിയിലെ അവസാന മത്സരത്തിൽ അമേരിക്കയോട് 1-1 സമനില പാലിച്ചാണ് ഇന്ത്യ പ്ലേ ഓഫിനു യോഗ്യത നേടിയത്. മത്സരത്തിൽ 11-ാം മിനിറ്റിൽ പോളിനോയിലൂടെ മുന്നിലെത്തിയ അമേരിക്കയെ 31-ാം മിനിറ്റിൽ ക്യാപ്റ്റൻ റാണി രാംപാലിന്റെ ഗോളിലാണ് ഇന്ത്യ സമനിലയിൽ പിടിച്ചത്.
പൂൾ ബിയിൽ ഒന്നാം സ്ഥാനത്തോടെ അയർലൻഡ് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. പ്ലേ ഓഫിൽ ഇറ്റലിയാണ് ഇന്ത്യയുടെ എതിരാളി. പൂൾ എ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി പ്ലേ ഓഫിൽ എത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ഇറ്റലിയെ കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടറിൽ ഇടംപിടിക്കാം. അങ്ങനെയെങ്കിൽ അയർലൻഡ് ആകും ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി.