ഭുവനേശ്വറിൽ നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സംഘത്തിൽ രുപീന്ദർ പാൽ സിംഗ്, എസ്.വി. സുനിൽ, രമൻദീപ് സിംഗ് തുടങ്ങിയവർ ഇല്ല. ഏഷ്യൻ ചാന്പ്യൻസ് ട്രോഫിക്കുള്ള ക്യാന്പിനിടെ കാൽമുട്ടിനു പരിക്കേറ്റതാണ് സുനിലിനു വിനയായത്. പരിക്കിൽനിന്ന് മുക്തനാകാത്തതാണ് രമൻദീപിനെയും ഒഴിവാക്കാൻ കാരണം. ഫോമിലല്ലാത്തതിനാലാണ് രുപീന്ദറിനെ തഴഞ്ഞത്.
ഏഷ്യൻ ഗെയിംസിനുശേഷം ക്യാപ്റ്റൻ പദവിയിലെത്തിയ മൻപ്രീത് സിംഗ് തൽസ്ഥാനത്ത് തുടരും. ചിന്തെൻസന സിംഗ് ആണ് ഉപനായകൻ. മലയാളി താരം പി.ആർ. ശ്രീജേഷ്, കൃഷൻ ബഹദൂർ പതക് എന്നിവാണ് ഗോൾ കീപ്പർമാർ.
ഈ മാസം 28 മുതൽ ഡിസംബർ 16വരെ കലിംഗ സ്റ്റേഡിയത്തിലാണ് 14-ാം ഹോക്കി ലോകകപ്പ്. നാല് പൂളുകളിലായി 16 ടീമുകളാണ് പോരാട്ടവേദിയിലുള്ളത്. ഓസ്ട്രേലിയയാണ് നിലവിലെ ചാന്പ്യന്മാർ. 28ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പൂൾ സിയിൽ ബെൽജിയം, കാനഡ എന്നിവയാണ് ഇന്ത്യക്കൊപ്പമുള്ള മറ്റ് ടീമുകൾ.