ലോസന്‍: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് പുരുഷന്മാരുടെ ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍സിനുള്ള ടീമുകളെ സ്ഥിരീകരിച്ചു. ജൂണിലാണ് സെമി ഫൈനല്‍സ്. റൗണ്ട് രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചും റാങ്കിംഗ് അനുസരിച്ചുമാണ് ടീമുകളെ പ്രഖ്യാപിച്ചത്.
ജൂണ്‍ 15 മുതല്‍ 25 വരെ ലണ്ടനില്‍ നടക്കുന്ന ടൂര്ണമെന്റിലേക്ക് കാനഡ, മലേഷ്യ, ചൈന, സ്കോട്ലന്ഡ് എന്നീ ടീമുകള്‍ യോഗ്യത നേടി. ഹോക്കി വേള്‍ഡ് ലീഗ് രണ്ടില്നിന്നാണ് മൂന്നു ടീമും യോഗ്യത നേടിയത്. ഇവര്‍ക്കൊപ്പം ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന, നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ നെതര്‍ലന്‍ഡ്സ്, ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ, പാക്കിസ്ഥാന്, കൊറിയ, ആതിഥേയരായ ഇംഗ്ലണ്ട് എന്നീ ടീമുകളുമുണ്ട്.
രണ്ടാമത്തെ സെമി ഫൈനല്‍സ് ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗില്‍ ജൂലൈ 8 മുതല്‍ 23 വരെ നടക്കും. റൗണ്ട് രണ്ടില്‍നിന്ന് അയര്‍ലന്‍ഡ്, ജപ്പാന്, ഫ്രാന്‍സ്, ഈജിപ്ത് ടീമുകളാണ് യോഗ്യത നേടിയത്. ലോകകപ്പ്, ലോക ലീഗ്, ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഓസ്ട്രേലിയ, ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ ബെല്‍ജിയം, ഒളിമ്പിക്സില്‍ വെങ്കലം നേടിയ ജര്‍മനി, ന്യൂസിലന്‍ഡ്, സ്പെയിന്, ആതിഥേയരായ ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്. ദക്ഷിണാഫ്രിക്ക 2015ലെ ആഫ്രിക്കന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് ജേതാക്കളാണ്.
പുതിയ റാങ്കിംഗില്‍ റിയോ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ നേട്ടക്കാരായ അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യ ആറാം സ്ഥാനത്ത് തുടരുന്നു. ജര്‍മനി മൂന്നാം സ്ഥാനത്തേക്കു കയറിയപ്പോള്‍ നെതര്‍ലന്‍ഡ്സ് നാലിലേക്കു പതിച്ചു. ബെല്‍ജിയം അഞ്ചാം സ്ഥാനത്താണ്.രണ്ട് ഫൈനല്‍സിലെയും ടോപ് ടീമുകള്‍ ഈ വര്‍ഷം ഭുവനേശ്വറില്‍ നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗ് ഫൈനലിലേക്കും അടുത്തവര്‍ഷം ഭുവനേശ്വറില്‍ നടക്കുന്ന ലോകകപ്പിനു യോഗ്യതനേടും.