ടോക്കിയോ: അതേ, ഇത് പുതുചരിത്രം. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുംവിധം ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യക്ക് മിന്നും ജയം.
അതും മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിന്റെ അത്യുജ്വല സേവുകളുടെ ബലത്തിൽ. ടൈമറിന്റെ ഓട്ടം നിലയ്ക്കുംവരെ ആവേശം ഉദ്യേഗവും പെരുവിരലോളം ഉയർത്തിയ ഗംഭീരപ്രകടനത്തിനൊടുവിൽ ഹോക്കിയിൽ ഇന്ത്യ ചരിത്രമെഴുതി.
ശക്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ മെഡൽ നേട്ടം അഞ്ച് ആയി ഉയർത്തി.
41 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഹോക്കിയിൽ ഇന്ത്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്. 1980 ൽ മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ശേഷം ഇന്ത്യക്ക് ഇന്നേവരെ ഒരു മെഡൽ നേടാനായിരുന്നില്ല. ഈ ദുഷ്പ്പേരാണ് ശ്രീജേഷും സംഘവും ടോക്കിയോയിൽ മായിച്ചുകളഞ്ഞത്.
ഇന്ത്യക്കായി സിമ്രാൻജീത് സിംഗ് ഇരട്ടഗോളും ഹാർദിക് സിംഗ്, ഹർമൻപ്രീത് സിംഗ് രുപീന്ദർ സിംഗ് എന്നിവർ ഓരോ ഗോളും നേടി. സിമ്രാൻജീതിന്റെ രണ്ടു ഗോളുകളും ഫീൽഡ് ഗോളായിരുന്നു.
3-1 ന് പിന്നിൽനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്. ആദ്യ ക്വാർട്ടറിൽ പിന്നിലായിരുന്നു ഇന്ത്യ രണ്ടാം ക്വാർട്ടറിൽ 3-3 സമനിലപിടിച്ചു. മൂന്നാം ക്വാർട്ടറിൽ രണ്ടു ഗോളുകൾ കൂടി അടിച്ച് ലീഡ് എടുത്ത ഇന്ത്യ ഗംഭീര പോരാട്ടവീര്യമാണ് കാഴ്ചവച്ചത്.
എന്നാൽ അവസാന ക്വാർട്ടറിൽ ഒരു ഗോൾ തിരിച്ചടിച്ച ജർമനി ഇന്ത്യൻ ഹൃദയമിടുപ്പുകൾ വേഗത്തിലാക്കി. തുടരെതുടരെ ആക്രമണം അഴിച്ചുവിട്ട ജർമനിക്ക് അവസാന അഞ്ച് മിനിറ്റിൽ രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചു.
രണ്ടും തടുത്തിട്ട് അത്യുജ്വല സേവുകളുമായി ശ്രീജേഷ് ഇന്ത്യയെ കാത്തു. അവസാന സെക്കൻഡിന്റെ നിമിഷാർദ്ധത്തിലും ജർമൻകുതിപ്പ്. ഗോൾവരയിൽ വൻമതിലായി നിന്ന ശ്രീജേഷിൽ തട്ടി പന്ത് പുറത്തേക്ക്. ഇന്ത്യ ടോക്കിയോയിൽ പുതുചരിത്രം കുറിച്ചു.