ടോക്കിയോ: ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ വീണ്ടും വിജയവഴിയിൽ. സ്പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. രുപീന്ദർപാൽ സിംഗ് രണ്ടും സിമറൻജീത് സിംഗ് ഒരു ഗോളും നേടി. മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന്റെ പ്രകടനവും ജയത്തിൽ നിർണായകമായി.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് ഒന്നിനെതിരേ ഏഴ് ഗോളുകൾക്ക് തോറ്റ ഇന്ത്യ ഇന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജയത്തോടെ ആറ് പോയിന്റുമായി പൂൾ എയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഒൻപത് പോയിന്റുമായി ഓസ്ട്രേലിയയാണ് ഗ്രൂപ്പിൽ ഒന്നാമത്.
വ്യാഴാഴ്ച അർജന്റീനയ്ക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പൂൾ എ, ബി ഗ്രൂപ്പുകളിൽ ആദ്യ നാല് സ്ഥാനത്ത് എത്തുന്നവർ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.