കോഴഞ്ചേരി : തോട്ടപ്പുഴശേരി പഞ്ചായത്തിൽ ആധുനിക രീതിയിലുള്ള ഹോക്കി സ്റ്റേഡിയം നിർമിക്കും. തിരുവല്ല – കുന്പഴ, സംസ്ഥാനപാതയിലെ, ചെട്ടിമുക്ക് ജംഗ്ഷനു സമീപമുള്ള 2.5 ഏക്കർ വയൽ നികത്തിയാണ് സ്റ്റേഡിയം നിർമിക്കുന്നത്.
കായികപ്രേമികളായ സി. കെ. ജോർജ്, റെജി കോന്നാട്ട്, ബാബു എന്നിവരും സുഹൃത്തുക്കളും ചേർന്ന് 20 വർഷങ്ങൾക്ക് മുന്‍പ് പബ്ലിക് സ്റ്റേഡിയം നിർമിക്കുന്നതിനായി 2.5 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. സ്റ്റേഡിയം നിർമിക്കുന്ന മുറയ്ക്ക്് അധികൃതർക്ക് നൽകാനുള്ള ധാരണയിലാണ് സ്ഥലം വാങ്ങിയിരുന്നത്. എന്നാൽ പഞ്ചായത്ത് കമ്മിറ്റിയോ മറ്റ് സർക്കാർ ഏജൻസികളോ സ്റ്റേഡിയം നിർമാണത്തിന് ഒരു താൽപര്യവും കാണിച്ചില്ല.
ഇതിനെ തുടർന്ന് ഈ സ്ഥലം കാടുകയറി കിടക്കുകയായിരുന്നു. പൊതു പ്രവർത്തകനായ രാജൻ വർഗീസിന്റെ ഇടപെടൽ മൂലം ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ. അനിൽകുമാറിന്റെ സഹായത്തോടെ ഹോക്കി സ്റ്റേഡിയം നിർമിക്കാൻ ധാരണയാകുകയായിരുന്നു.
കേന്ദ്രകായിക മന്ത്രാലയവും കേരള ഹോക്കി അസോസിയേഷനും ജില്ലാ സ്പോർട്സ് കൗണ്‍സിലും സംയുക്തമായി 25 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. സ്റ്റേഡിയത്തിന് പുറമെ ഇൻഡോർ വോളിബോൾ, ടെന്നീസ്, ഷട്ടിൽ കോർട്ടുകൾ എന്നിവയും നിർമിക്കും.
ഇതിനോടൊപ്പം ആധുനിക ജിംനേഷ്യവും ഉണ്ടായിരിക്കും. സ്റ്റേഡിയം പൂർണമാകുന്പോഴേക്കും 3.5 ഏക്കർ സ്ഥലം വേണ്ടി വരും. അധികത്തിൽ വേണ്ടിവരുന്ന സ്ഥലവും വാങ്ങി സ്പോർട്സ് കൗണ്‍സിലിന് കൈമാറുമെന്നും സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വീണാ ജോർജ് എംഎൽഎയുടെ കൂടി സഹകരണത്തിൽ ഒരുക്കുമെന്ന് രാജൻ വർഗീസ് പറഞ്ഞു.
ഭൂമി കൈമാറ്റവും രജിസ്ട്രേഷനും കഴിഞ്ഞ് പുതുവർഷത്തിൽ തന്നെ സ്റ്റേഡിയം നിർമാണം ആരംഭിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്.