സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചില ചിത്രങ്ങൾ കണ്ടാൽ അവ സത്യമാണെന്ന് നമുക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അത്തരമൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജപ്പാനിലെ ഹോക്കൈഡോ ബീച്ചിൽ നിന്നുള്ള ചിത്രമാണിത്.
മഞ്ഞും മണലും കടലും ഒരേ സ്ഥലത്ത് സംഗമിക്കുന്ന സവിശേഷമായ കാഴ്ചയാണ് ഈ ബീച്ചിന്റെ പ്രത്യേകത. ഫോട്ടോയിൽ, വലതുവശത്ത് മഞ്ഞും, ഇടത് വശത്ത് കടലും, മധ്യ ഭാഗത്തായുള്ള മണൽ തിട്ടയിലൂടെ ഒരാൾ നടക്കുന്നതും കാണാം. ജപ്പാന്റെ പടിഞ്ഞാറൻ തീരത്ത് സാനിൻ കൈഗൻ ജിയോപാർക്കിൽ ഫോട്ടോഗ്രാഫർ ഹിസയാണ് ചിത്രം പകർത്തിയത്.
‘വെൽത്ത്’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. “സമുദ്രം മണലും മഞ്ഞുമായി കണ്ടുമുട്ടുന്ന ലോകത്തിലെ ഏറ്റവും സവിശേഷമായ സ്ഥലങ്ങളിൽ ഒന്നാണ് ജപ്പാനിലെ ഹോക്കൈഡോ ബീച്ച്!” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം 658,826 ലൈക്കുകളും ലഭിച്ചു.
സാനിൻ കൈഗൻ ജിയോപാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് വൈവിധ്യമാർന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളുള്ള പ്രകൃതിദൃശ്യങ്ങൾ ഇവിടെയുണ്ട്. 2008 ഡിസംബറിൽ ജാപ്പനീസ് ജിയോപാർക്കുകളിൽ ഒന്നായി ഇത് അറിയപ്പെട്ടു. തുടർന്ന്, 2010 ഒക്ടോബറിൽ ഒരു ഗ്ലോബൽ ജിയോപാർക്ക് എന്ന പദവിയും ഹോക്കൈഡോയ്ക്ക് ലഭിച്ചു.