സതാംപ്ടണ്: കറുത്ത വർഗക്കാരായതിന്റെ പേരിൽ മാതാപിതാക്കൾക്ക് നേരിട്ട യാതനകൾ വെളിപ്പെടുത്തുന്നതിന്റെ വേദനയിൽ കണ്ണീരണിഞ്ഞ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ഹോൾഡിംഗ്.
കറുത്തവനായതിനാൽ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ക്രൂരതകളും മാതാപിതാക്കളെക്കുറിച്ചും ഓർക്കുന്പോൾ കണ്ണുനിറഞ്ഞുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ മാതാപിതാക്കൾ അനുഭവിച്ച യാതനകൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അവർ കടന്നുപോയ ദുരിത വഴികളെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. എന്റെ പിതാവിന്റെ നിറം കറുപ്പായതിനാൽ അമ്മയുടെ കുടുംബാംഗങ്ങൾ അമ്മയോട് സംസാരിക്കില്ലായിരുന്നു.
അവർ നേരിട്ട പ്രയാസങ്ങൾ എനിക്ക് മനസിലാവും. ഇപ്പോൾ ഇങ്ങനെയെല്ലാം കേൾക്കുന്പോൾ ചിലർക്കെങ്കിലും ചിരി വരും. എന്നാൽ, യാഥാർഥ്യം അതാണ്. കറുത്ത വർഗക്കാരൻ ആണെന്ന ചിന്ത മാറ്റിവച്ചിട്ട് ജീവിക്കാനാകില്ല, മുന്പോട്ടു പോകാനാകില്ല.
ഞാൻ എന്താണ് പറയുന്നതെന്നും എവിടെനിന്നാണ് വരുന്നതെന്നും ആളുകൾക്ക് മനസിലാകുന്നുണ്ടാകും. വർണവെറിയും വംശീയ അധിക്ഷേപവും ഇല്ലാതാക്കുക എന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും അത് ശരിയായ ദിശയിലാണെന്നത് പ്രതീക്ഷ നൽകുന്നു- ഹോൾഡിംഗ് പറഞ്ഞു.
സതാംപ്ടണിൽ നടക്കുന്ന ഇംഗ്ലണ്ട് x വെസ്റ്റ് ഇൻഡീസ് മത്സരത്തിനിടെയാണ് വർണവിവേചനത്തെക്കുറിച്ച് ഹോൾഡിംഗ് കണ്ണീരോടെ പറഞ്ഞത്. മത്സരത്തിനു മുന്പ് അന്പയർമാരും ഇരു ടീമുകളുടെയും കളിക്കാരും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധഭാഗമായി ഒരു നിമിഷം ഒറ്റക്കാലിൽ മുട്ടുകുത്തി, ഒരു കൈ ഉയർത്തിനിന്നിരുന്നു.