പെരുന്പടവ്: വെള്ളരിയാനം ഹോളിക്രോസ് ദേവാലയ നേർച്ചപ്പെട്ടി കവർച്ച നടത്തിയ പ്രതികളെ പെരിങ്ങോം പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ പിടിയിലായത്. ബ്ലാത്തൂർ സ്വദേശി പ്രശാന്ത് ഗോവിന്ദൻ (32), അരീക്കമല സ്വദേശി വിപിൻ കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ തെളിവെടുപ്പിനായി ഇന്നലെ വൈകുന്നേരം 5.45 ഓടെ വെള്ളരിയാനം ഹോളിക്രോസ് ദേവാലയത്തിൽ എത്തിച്ചിരുന്നു. പ്രതികളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻജനക്കൂട്ടം തടിച്ചുകൂടിയതിനാൽ പ്രതികളെ പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കാനോ തെളിവെടുപ്പ് പൂർത്തീകരിക്കാനോ സാധിക്കാതെ പെരിങ്ങോത്ത് നിന്നു വന്ന എസ്ഐ സജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങി. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഇന്നു വീണ്ടും തെളിവെടുപ്പിനായി എത്തിക്കുകയും ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കകുയും ചെയ്യുമെന്ന് അറിയുന്നു.കഴിഞ്ഞ എട്ടിന് രാത്രി 11നാണ് മോഷണം നടന്നത്. ദേവാലയത്തിന്റെ മുന്നിൽ റോഡരികിലുള്ള ഗീവർഗീസ് സഹദയുടെ ഗ്രോട്ടോയുടെ സമീപത്തുള്ള നേർച്ചപ്പെട്ടിയിലാണ് കവർച്ച നടത്തിയത്.
10ന് വൈകുന്നേരം നേർച്ചപ്പെട്ടി തുറക്കാൻ ചെന്ന ദേവാലയ കമ്മിറ്റി ഭാരവാഹികൾ നേർച്ചപ്പെട്ടി തുറന്നുകിടക്കുന്നതായി കാണുകയും ഈ വിവരം ഇടവക വികാരി ഫാ. മാത്യു മുല്ലപ്പള്ളിയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ദേവാലയ പരിസരങ്ങളിൽ സ്ഥാപിച്ച സിസിടിവി കാമറ ദൃശ്യങ്ങളിൽനിന്നാണ് എട്ടിന് രാത്രി 11ന് കവർച്ച നടന്നതായി അറിയുന്നത്. തുടർന്ന് പെരിങ്ങോം പോലീസിൽ പരാതി നൽകുകയും ഒൻപതിന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.