പത്തനംതിട്ട: പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനാകില്ലെന്നു റവന്യുവകുപ്പ്. ഉദ്യോസ്ഥതലത്തിലെ ഭായ്, ഭായ് ബന്ധം ഉറപ്പിക്കുന്ന റിപ്പോര്‍ട്ടാണ് കോന്നിയിലെ വിവാദമായ കൂട്ടഅവധി പ്രശ്നത്തില്‍ ജില്ലാ കളക്ടറും നല്‍കിയിരിക്കുന്നത്.
റിപ്പോര്ട്ടിന്മേല് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ കൂടി ഉൾപ്പെടുത്തി റവന്യുമന്ത്രിക്ക് കൈമാറും.ചില ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റമെങ്കിലും പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടാകുമോയെന്നു സംശയം ബാക്കിയാണ്.
തഹസിൽദാർ അടുത്തമാസം വിരമിക്കാനിരിക്കേ നടപടിയിൽ നിന്നു പ്രാഥമികമായി അദ്ദേഹം ഒഴിവാക്കപ്പെടും. തഹസിൽദാരുടെ അവധി അപേക്ഷയാകട്ടെ കളക്ടർ മുൻകൂട്ടി അംഗീകരിച്ചിരുന്നതുമാണ്.
കളക്ടറുടെ റിപ്പോർട്ട് വിവാദമാകും
കഴിഞ്ഞ പത്തിന് താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ കൂട്ട അവധിയെടുക്കുകയും ഒരുവിഭാഗം വിനോദയാത്ര പോകുകയും ചെയ്ത സംഭവത്തില്‍ റവന്യുമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
39 ജീവനക്കാരില്‍ 20 പേര് അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ തന്നെ പലരും നേരത്തെ തന്നെ അവധിയില്‍ പ്രവേശിച്ചവരാണ്.
19 പേരുടെ ആക്സ്മിക അവധിയായി പരിഗണിക്കാമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് തടസമുണ്ടാകുന്ന തരത്തില്‍ അവധി അനുവദിച്ച മേലധികാരിക്ക് ജാഗ്രതാക്കുറവുണ്ടായെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന.
ജീവനക്കാര്‍ അവധിയെടുത്തതിന്റെ പേരില്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭിച്ചിട്ടില്ലെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. ഒരു പരാതിപോലും വിഷയത്തില്‍ ലഭിച്ചിട്ടില്ല. ഓഫീസിലെത്തിയ ഭിന്നശേഷിക്കാരന്റെ പരാതി അവിടെ പരിഗണിച്ച് തീരുമാനമെടുക്കേണ്ടതല്ലെന്നും നിഗമനമുണ്ട്.
നടപടി ആവശ്യത്തിൽ ഉറച്ച് എംഎൽഎ
കളക്ടറുടെ റിപ്പോർട്ട് അനുകൂലമെങ്കിലും ജീവനക്കാർക്കെതിരേ നടപടി വേണമെന്നാവശ്യത്തിൽ കെ.യു. ജനീഷ് കുമാർ എംഎൽഎ ഉറച്ചു നിൽക്കുന്നത് ഭരണതലത്തിൽ സമ്മർദമുണ്ടാക്കിയിട്ടുണ്ട്.
കൂട്ടഅവധി വിഷയത്തിൽ ആർക്കും പരാതിയില്ലെന്ന കളക്ടറുടെ റിപ്പോർട്ടും വിവാദമാകും. നിലവിൽ വിഷയത്തിൽ എംഎൽഎ തന്നെ പരാതി നൽകിയിരുന്നു.
ജനപ്രതിനിധിയെന്ന നിലയിൽ താലൂക്ക് ഓഫീസ് സന്ദർശിച്ച് എംഎൽഎ നൽകിയ പരാതിയക്കുറിച്ച് കളക്ടർ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. എംഎൽഎയിൽ നിന്നു വിശദീകരണവും ആരാഞ്ഞിട്ടില്ല.
സംഭവത്തിൽ എംഎൽഎയെ അധിക്ഷേപിച്ചു വാട്ട്സ്ആപ്പ് സന്ദേശം അയച്ച ഉദ്യോഗസ്ഥർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.
ആകസ്മിക അവധിയെടുത്ത് ഉല്ലാസയാത്ര നടത്തിയതും മറ്റൊരു വിവാദമാണ്. ഓഫീസ് പ്രവർത്തനം സ്തംഭിക്കുന്ന തരത്തിലുണ്ടായ ഇത്തരം നീക്കങ്ങളെ മറച്ചുപിടിക്കുന്നതാണ് റിപ്പോർട്ടെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു.