സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്ക്ലബ് കനകക്കുന്ന് സൂര്യകാന്തിയിൽ സംഘടിപ്പിക്കുന്ന കനകോത്സവം നേച്ചർ ആൻഡ് മീഡിയ എക്സ്പോയ്ക്ക് തിരിതെളിഞ്ഞതോടെ പൂരനഗരിയായി മാറിയിക്കുകയാണ് കനകക്കുന്ന് സൂര്യകാന്തി മൈതാനം.
ഇന്നലെയോടെ മുഴുവൻ സ്റ്റാളുകളും തുറന്നതോടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കലവറയായി സൂര്യകാന്തി മൈതാനം മാറി. വേനൽച്ചൂട് അകറ്റുന്നതിനായി ശീതീകരിച്ച സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ദേശീയ പക്ഷി-മൃഗ പ്രദർശനം, ചക്ക-മാന്പഴ-വാഴ മഹോത്സവം, അലങ്കാര മൽസ്യ പ്രദർശനം, കുട്ടികൾക്കുള്ള അമ്യൂസ്മെന്റ് പാർക്ക് എന്നിവ വേറെയും.
ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും സ്റ്റാളുകളാണ് ആദ്യപവലിയനിൽ ഇടം പിടിച്ചിരിക്കുന്നത്. കേരള പോലീസ് സൈബർ ഡോമിന്റെ സ്റ്റാളും ഒരുക്കിയിരിക്കുന്നു. ആധുനിക യന്ത്രത്തോക്കുകൾ മുതൽ മിസൈലുകൾ വരെയുള്ളവയാണ് ഇന്ത്യൻ സൈന്യം പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
നേവിയുടെ സ്റ്റാളിൽ യുദ്ധത്തിന് ഉപയോഗിക്കുന്ന ഷിപ്പുകളുടെയും മിസൈലുകളുടെയും, സീക്കിംഗ് 29, സീക്കീംഗ് 30 തുടങ്ങിയ യുദ്ധ ഹെലികോപ്റ്ററുകളുടെ മാതൃകകൾ കാണാം. ആർമി, നേവി, എയർഫോഴ്സ് എന്നിവയുടെ സ്റ്റാളുകകൾ ഒരുമിച്ച് ആദ്യമായാണ് ഒരിടത്ത് ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
മലയാള പത്ര-മാധ്യമങ്ങളുടെ ചരിത്രം പറയുന്ന മാധ്യമ ചരിത്ര പ്രദർശനം ഏറെ ശ്രദ്ധേയമാണ്. മലയാളത്തിലെ ആദ്യപത്രമായ ദീപികയ്ക്കു പുറമേ കേരളകൗമുദി, ജനയുഗം തുടങ്ങിയ പത്രങ്ങളുടെ സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 132 വർഷം മുൻപ് നസ്രാണി ദീപിക എന്ന പേരിൽ ദീപിക പ്രസിദ്ധീകരിച്ച ആദ്യ പത്രത്തിന്റെ മാതൃകയും പ്രദർശിപ്പിച്ചിരിക്കുന്നു.
ബിഎസ്എൻഎല്ലിന്റെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന ടെലിപ്രിന്റർ ആണ് ആകർഷകമായ മറ്റൊന്ന്. 1830കളിൽ വികസിപ്പിച്ചെടുത്ത ടെലിപ്രിന്റർ ആണ് എണ്പതുകൾവരെ പത്ര ഓഫീസുകളിൽ സന്ദേശങ്ങൾ കൈമാറുന്നതിനായി ഉപയോഗിച്ചിരുന്നത്. തിരുവനന്തപുരം ബിഎസ്എൻഎൽ ലാബിൽ സൂക്ഷിച്ചിരുന്ന ടെലിപ്രന്റർ ആണ് പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത്.
കേരള മീഡിയ അക്കാദമിയുടെ സ്റ്റാളിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളജ്, നിയമസഭ, ദുരന്തനിവാരണ അതോറിറ്റി, തപാൽ, അച്ചടി വിഭാഗങ്ങളുടെ സ്റ്റാളുകളും ശ്രദ്ധേയമാണ്. കനകോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് മുഖ്യാതിഥിയായെത്തുന്നത് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ്. ദേവരാഗ മ്യൂസിക് ബാൻഡിന്റെ ബാൻഡും തുടർന്ന് ദിവ്യാ ഉണ്ണിയുടെ നൃത്തവും അരങ്ങേറും.മെഡിക്കൽ എക്സ്പോ, ബാലഭാസ്കർ സ്മാരക ബാൻഡ്-ഡിജെ മൽസരങ്ങൾ, ദേശീയ ഫോട്ടോഗ്രാഫി മൽസരം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പരിപാടികളാണ് കനകോൽസവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
മാന്പഴ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത് രാജ്യത്തിനകത്തും പുറത്തുമുള്ള മാന്പഴങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ്. മലബാറിന്റെയും മധ്യതിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും 300-ൽപ്പരം രുചിയേറുന്ന വിഭവങ്ങൾ ഫുഡ്കോർട്ടിലുണ്ട്. നാടൻ സദ്യ മുതൽ ചൈനീസ് വിഭവങ്ങൾ വരെ വേറെയും. കനകോത്സവത്തിനു മധുരം പകരാൻ കെടിഡിസിയുടെ പായസമേളയുമുണ്ട്.