ചിറ്റൂർ: വേണം, അതീവ ജാഗ്രത ഈ അവധിക്കാലത്ത്. വിദ്യാർഥികൾ അപരിചിത ജലാശയങ്ങളിൽ കുളിച്ച് ഉല്ലസിക്കാൻ പോവുന്നത് തടയാൻ രക്ഷിതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന നിർദേശമാണ് ഫയർഫോഴ്സ് അടക്കമുള്ള അധികാരികൾ നൽകുന്നത്.മുങ്ങിമരണങ്ങളെ അതീജിവിക്കാൻ ഓരോരുത്തരും കൈകോർക്കണമെന്നും ഇവർ ഓർമപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ സംസ്ഥാനത്ത് നടന്ന മുന്നൂറിലധികം മുങ്ങിമരണങ്ങളിൽ 750 വിദ്യാർഥികളുടെ ജീവനാണ് നഷ്ടമായത്.ചിറ്റൂർപ്പുഴ, പാട്ടികുളം പാറക്കുളം എന്നിവിടങ്ങളിൽ രണ്ടു വിദ്യാർഥികളും വണ്ടിത്താവളം പള്ളിമൊക്കിൽ ഒരു വിദ്യാർഥിനിയും കഴിഞ്ഞ വർഷം മരണമടഞ്ഞു.
കൊല്ലങ്കോട് സിതാർകുണ്ട് മലയിടുക്കിലേ വെള്ളച്ചാട്ടത്തിലും സമാന ദുരന്തങ്ങൾ പലതവണ നടന്നിട്ടുണ്ട്.കോയമ്പത്തൂർ സ്വകാര്യ കോളജിൽ നിന്നും അവധിക്കാല വിനോദയാത്രക്കെത്തിയ പതിനഞ്ചംഗ സംഘം കമ്പാലത്തറ ഏരിയിൽ കുളിക്കുന്നതിനിടെ മൂന്നു വിദ്യാർഥികൾ മുങ്ങി മരണപ്പെട്ട സംഭവവും നടന്നിട്ടുണ്ട്.
സ്കൂൾ പഠനസമയത്ത് വിദ്യാർഥികളോടെ കാണിക്കുന്ന ശ്രദ്ധ രക്ഷിതാക്കൾ വേനലധിക്കാലത്തും പാലിക്കേണ്ടതായിട്ടുണ്ട്. ജലാശയങ്ങളിലെ അപകടക്കെണി തിരിച്ചറിയാൻ കഴിയാത്തതിനാൽ നീന്തൽ വശമുള്ള വിദ്യാർഥികൾ പോലും അപകടത്തിൽപ്പെടുന്നുണ്ട്.
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് ചിറ്റൂർ-തത്തമംഗലം നഗരസഭ ശാസ്ത്രീയമായ നീന്തൽ പരിശീലന കേന്ദ്രവും രണ്ടു വർഷം മുൻപ് തുടങ്ങിയിട്ടുണ്ട്. അവധിക്കാലം ഉല്ലസിക്കാനെന്നു പറഞ്ഞ് വീടുവിട്ടിറങ്ങുന്ന വിദ്യാർഥികളെ കർശന നിരീക്ഷിക്കണമെന്നും അധികാരികൾ ഓർമപ്പെടുത്തുന്നു.