ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെഴുതിയ വിവാദ സ്യൂട്ടിന്റെ ഇംഗ്ലണ്ടിലെ തുണിനിര്മാതാക്കളായ ഹോളണ്ട് ആന്‍ഡ് ഷെറി കമ്പനി ഇന്ത്യയില്‍ വിപണനം ആരംഭിച്ചു. മീറ്ററിന് 15 ലക്ഷം രൂപ വരെയുള്ള സ്യൂട്ട് തുണിത്തരങ്ങളാണ് ഇന്ത്യയില്‍ വിപണനം ചെയ്യുന്നതെന്ന് കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞതിന്റെ വില മീറ്ററിന് പതിനായിരം രൂപയാണ്.
രാഷ്ട്രീയം, ബിസിനസ്, സിനിമ, ഫാഷന്‍ രംഗങ്ങളിലെ പണക്കാരെ ലക്ഷ്യമിട്ടാണു പ്രശസ്തമായ ഹോളണ്ട് ആന്‍ഡ് ഷെറി ഇന്ത്യയിലും വിപണനം ആരംഭിച്ചത്. ഡിഗ്ജാം സ്യൂട്ടിംഗ്സിന്റെ ഉടമസ്ഥരായ എസ്.കെ. ബിര്‍ള കമ്പനിയുമായി സംയുക്ത സംരംഭമായാണ് ഇന്ത്യന്‍ കമ്പനി തുടങ്ങിയതെന്ന് ഹോളണ്ട് ആന്‍ഡ് ഷെറി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഫ്രാങ്ക് ഓനെലിയും ബിര്‍ല ഗ്രൂപ്പ് ചെയര്മാന് സിദ്ധാര്‍ഥ് ബിര്‍ളയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടീഷ് കമ്പനിക്കാണ് 51 ശതമാനം ഓഹരി. 1936ല്‍ ലണ്ടനില്‍ ആരംഭിച്ച കമ്പനിയുടെ 180–ാമതു വാര്‍ഷികം പ്രമാണിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്കു പ്രവേശിച്ചതെന്ന് ഫ്രാങ്ക് പറഞ്ഞു. എങ്കിലും തുണി ഉത്പാദനം തുടര്‍ന്നും പൂര്‍ണമായി ബ്രിട്ടനിലായിരിക്കും.
ആഡംബര വസ്ത്രനിര്‍മാണത്തില്‍ മാത്രമാണു ഹോളണ്ട് ആന്‍ഡ് ഷെറി (എച്ച് ആന്‍ഡ് എസ്) ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 10,000, 20,000, 50,000 മുതല്‍ ഒരു ലക്ഷവും രണ്ടു ലക്ഷവും പത്തു ലക്ഷവും 15 ലക്ഷവും വരെയാണു മീറ്ററിന് തുണി വില. ഒരാള്‍ക്കു സ്യൂട്ട് തയ്ക്കുന്നതിന് 3.25 മീറ്റര്‍ തുണി വേണമെന്നും തയ്യല്‍ക്കൂലി വേറെയാണെന്നും കമ്പനി വിശദീകരിച്ചു. പ്രത്യേകമായി ഓര്‍ഡര്‍ ചെയ്താല്‍ രണ്ടു മുതല്‍ നാലു വരെ ദിവസത്തിനകം ഇറക്കുമതി ചെയ്തു തുണി എത്തിക്കുകയും ചെയ്യും. ഇന്ത്യയില്‍ ഡിഗ്ജാം സ്യൂട്ടിംഗ്സ് വില്‍ക്കുന്ന നൂറിലേറെ വിപണനകേന്ദ്രങ്ങളില് എച്ച് ആന്‍ഡ് എസ് ലഭിക്കും.