കോട്ടയം: സിഎംസ് കോളജ് വിദ്യാർഥികളുടെ ഹോളി ആഘോഷം ആദ്യം കോളജ് അധികൃതരും പിന്നീട് പോലീസും തടഞ്ഞു. ഇന്നലെയാണു കോളജ് വിദ്യാർഥികൾ ഹോളി ആഘോഷം ഒരുക്കിയത്. ഹോളി ആഘോഷം കോളജ് കോംന്പൗണ്ടിൽ പാടില്ലെന്ന് കോളജ് അധികൃതർ നിർബന്ധം പിടിച്ചതോടെ വിദ്യാർഥി വിദ്യാർഥിനികൾ റോഡിലേക്ക് ഇറങ്ങി.
കൊട്ടുംകൊരവയും വർണങ്ങൾ നിറഞ്ഞ ചായങ്ങൾ പൂശിയും വിദ്യാർഥികൾ ആഘോഷം പൊടിപൊടിച്ചതോടെ റോഡ് തിങ്ങിനിറഞ്ഞു വിദ്യാർഥികൾ നിരന്നതോടെ റോഡ് ഗതാഗതം സ്തംഭിച്ചു. പോലീസ് സ്ഥലത്തെത്തി ആഘോഷത്തിന്റെ ഭാഗമായി കൊണ്ടുവന്ന വിദ്യമേളങ്ങൾ പിടിച്ചെടുത്തു.
കോളജ് ജംഗ്ഷൻ മുതൽ കോളജ് കാന്പസ് വരെയുള്ള റോഡ് പൂർണമായി വിദ്യാർഥികൾ കൈയടക്കിയിരുന്നു. സംഘർഷസാധ്യത മുന്നിൽ കണ്ടും വൻപോലീസ് സംഘം സ്ഥലത്തെത്തി. ഹോളി ആഘോഷം പോലീസ് തടഞ്ഞതിനെതിരെ പ്രതിഷേധം ശക്തമായി.
കോളജ് റോഡിനു മുന്നിലും ചുങ്കം റോഡിലും പോലീസ് വാഹനപരിശോധനയും ഈസമയം ഏർപ്പെടുത്തിയിരുന്നു. ബ്രീത്ത് അനലൈസർ ഉൾപ്പെടെ പരിശോധനയ്ക്ക് ഏർപ്പെടുത്തിയിരുന്നു. പോലീസിനെതിരെ വിദ്യാർഥികൾ പ്രതിഷേധവും അറിയിച്ചു.