മാള: ലോക്ക്ഡൗണ് കാലഘട്ടത്തിൽ വീട്ടിലകപ്പെട്ട രോഗികൾക്കരികിലേക്ക് സഞ്ചരിക്കുന്ന ചികിത്സാലയം എത്തുന്നു. മാള ഗ്രാമപഞ്ചായത്ത് ഹോളിഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ഹോളിഗ്രേസിന്റെ വിദ്യാർഥികൾക്ക് ഉപയോഗിക്കുന്ന ബസ് ആവശ്യമായ മാറ്റങ്ങൾ വരുത്തി ആശുപത്രിയുടേതായ സൗകര്യങ്ങൾ ഒരുക്കുകയായിരുന്നു. ഡോക്ടർക്കുള്ള മേശ, രോഗികളെ കിടത്തി പരിശോധിക്കുന്നതിനുള്ള ബെഡ്, സാമൂഹ്യ അകലം പാലിച്ച് രോഗികൾക്കും ആരോഗ്യ പ്രവർത്തികർക്കും ഇരിക്കുന്നതിനായുള്ള സൗകര്യങ്ങളും ബസിനകത്ത് ഒരുക്കി.
മാള സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരിൽനിന്നും ഒരാൾ, നഴ്സ്, ഫാർമസിസ്റ്റ്, ഇതര ആരോഗ്യ പ്രവർത്തകർ എന്നിവർ സഞ്ചരിക്കുന്ന ആശുപത്രിയിലുണ്ടാകും. ഗ്രാമപഞ്ചായത്തിലെ വാർഡുകളിലെ വിവിധ സ്ഥലങ്ങളിൽ നേരിട്ടെത്തി രോഗികൾക്ക് പരിശോധനയും 10 ദിവസത്തേക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകും.
പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് മരുന്നുകൾ ലഭ്യമാക്കുന്നത്. കോവിഡ് രോഗഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആദ്യമായി നടപ്പാക്കിയിരിക്കുന്ന സഞ്ചരിക്കുന്ന ആശുപത്രിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ വി.ആർ.സുനിൽകുമാർ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ ബിജു ഉറുമീസ്, രാധ ഭാസ്കർ, വിനിത സദാനന്ദൻ, സെക്രട്ടറി ടി.ജി. മധുസൂദനൻ, മെഡിക്കൽ സൂപ്രണ്ട് ആഷ സേവ്യർ, ഹെൽത്ത് ഇൻസ്പെക്ടർ സി.എ.വേണു, ഹോളിഗ്രേസ്, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാന്മാരായ സാനി എടാട്ടുകാരൻ, ജോസ് കണ്ണന്പിള്ളി, വക്കച്ചൻ താക്കോൽക്കാരൻ എന്നിവർ സന്നിഹിതരായിരുന്നു.