കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളിൽ രണ്ടെണ്ണം ചരിത്രത്തിന്റെ ഭാഗമായി. നിയന്ത്രിത സ്ഫോടനത്തിലൂടെ ഇന്നു രാവിലെ 11.16 ഓടെ എച്ച്2ഒ ഹോളിഫെയ്ത്തും തുടർന്ന് ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയങ്ങളുമാണു തകർത്തത്.
ഒാരോരുത്തരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ നടപടികൾ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്നു. ആദ്യ സ്ഫോടനത്തിനുശേഷം എല്ലാം കൃത്യമായിരുന്നുവെന്ന് വിലയിരുത്തിയശേഷമായിരുന്നു ആൽഫ സെറീന്റെ ഇരട്ട കെട്ടിട സമുച്ചയത്തിൽ സ്ഫോടനത്തിനു കണ്ട്രോൾ റൂമിൽനിന്ന് അനുമതി നൽകിയത്. മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽനിന്ന് ഏതാനും മിനിട്ടുകൾ വൈകി മാത്രമാണു സ്ഫോടനം നടത്തിയത്.
ഫ്ളാറ്റുകൾ നിലംപൊത്തിയതോടെ സംസ്ഥാന ചരിത്രത്തിൽ ഫ്ളാറ്റ് പൊളിക്കുന്ന ആദ്യ സംഭവമായി മരട് മാറി. ഹോളി ഫെയ്ത്ത് രാവിലെ 11 ന് പൊളിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെെങ്കിലും വൈകിയതിനെത്തുടർന്ന ആൽഫ സെറീന്റെ ഇരട്ട കെട്ടിടം പൊളിക്കുന്നതും വൈകി.
വൻ ശബ്ദത്തോടെ മണ്ണടിഞ്ഞ ഫ്ളാറ്റുകളിൽനിന്ന് മീറ്ററുകൾ ദൂരെ പൊടി ഉയർന്നു. ഏതാനും സമയം പ്രദേശം മുഴുവൻ പൊടിയിൽ കുളിച്ച നിലയിലായിരുന്നു. സമീപത്തായി തന്പടിച്ചിരുന്ന നിരവധി യൂണിറ്റ് ഫയർഫോഴ്സുകൾ വേഗത്തിൽതന്നെ പൊടിശല്യം ഒഴിവാക്കി. ദിവസങ്ങൾ നീണ്ടുനിന്ന ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു ഇന്നു രാവിലെ പൊളിക്കൽ നടപടികൾ ആരംഭിച്ചത്. എട്ടോടെ ഫ്ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ നിലവിൽ വന്നു.
ഇതിനു പിന്നാലെ ഫ്ളാറ്റുകൾക്കു സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരോ വീടുകളും കയറിയിറങ്ങി ആരുമില്ലെന്ന് ഉറപ്പാക്കിയായിരുന്നു പ്രവർത്തനങ്ങൾ. എട്ടരയോടെ വൻ പോലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി വിന്യസിച്ചു.
ഈ സമയത്തിനോടകം നൂറുകണക്കിന് ആളുകൾ ഫ്ളാറ്റ് പൊളിക്കുന്ന ദൃശ്യങ്ങൾ തത്സമയം വീക്ഷിക്കുന്നതിനായി വിവിധ കോണുകളിൽ തന്പടിച്ചിരുന്നു. രാവിലെ ആറു മുതൽക്കേ പരിസരത്തേയ്ക്ക് എത്തിക്കൊണ്ടിരുന്ന ആളുകളുടെ ഒഴുക്ക് ഒരോ മണീക്കൂറിലും കൂടിവന്നു.
എട്ടരയോടെ കായൽ മേഖലകളിൽ പോലീസ് പരിശോധന ആരംഭിച്ചു. കായൽ മാർഗം ഫ്ളാറ്റുകളുടെ സമീപത്തേക്ക് ആളുകൾ എത്തുന്നത് തടയുന്നതിന്റെ ഭാഗമായായിരുന്നു പരിശോധനകൾ. പൊളിക്കൽ നടപടികൾക്കു മുന്നോടിയായി എച്ച്ടുഒ ഹോളിഫെയ്ത്തിനു മുന്നിൽ പൊളിക്കൽ നടപടികൾ ഏറ്റെടുത്ത എഡിഫൈസ് കന്പനി പൂജ നടത്തി. മുഴുവൻ കന്പനി പ്രതിനിധികളും പങ്കെടുത്ത പൂജ ഏതാനും മിനിട്ടുകൾ നീണ്ടുനിന്നു.
കണ്ട്രോൾ റൂം പ്രവർത്തിക്കുന്ന മരട് നഗരസഭയ്ക്കു ചുറ്റും 8.48 ഓടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 8.55ന് സ്ഫോടന വിദഗ്ധരും സബ് കളക്ടറും കണ്ട്രോൾ റൂമിലേക്ക് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഒൻപതോടെ തഹസിൽദാർ ആൽഫാ സെറീൻ ഫ്ളാറ്റിലെത്തി ഇവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്ഫോടനങ്ങൾക്കു മുന്നോടിയായി ആൽഫ സെറിനിൽ ബ്ലാസ്റ്റിക്ക് സ്വിച്ചുകളും ഘടിപ്പിച്ചു.
ആദ്യം പൊളിക്കുന്ന എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിന് സമീപത്തെ മുഴുവൻ ആളുകളേയും 9.10 ഓടെ ഒഴിപ്പിച്ചു. സ്ഫോടന സമയത്തോടടുക്കവേ ക്രത്യമായ ഇടവേളകളിൽ പോലീസ് ഫ്ളാറ്റുകൾക്ക് സമീപത്തുനിന്ന് ആളുകളോട് മാറിപോകാൻ നിർദേശം നൽകിക്കൊണ്ടിരുന്നു. പൊളിക്കൽ ഏറ്റെടുത്ത കന്പനികളുടെ പ്രതിനിധികളും ജില്ലാ കളക്ടറും പ്രവർത്തനങ്ങളിൽ തൃപ്തരാണെന്ന് ഇടയ്ക്കിടെ ആവർത്തിച്ചുകൊണ്ടിരുന്നെങ്കിലും ഇവരുടെ മുഖത്ത് ആശങ്ക പ്രകടമായിരുന്നു.
മരടിൽ ഇന്നു രാവിലെ പൊളിച്ചഎച്ച്2ഒ ഹോളിഫെയ്ത് (വലത്), ആൽഫ സെറീൻ (നടുക്ക്, ഇടത്) ഫ്ളാറ്റുകൾ. പൊളിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്പ് എടുത്ത ചിത്രം. – രാഷ്ട്രദീപിക
നിയന്ത്രിച്ചത് ഇവര്
കൊച്ചി: എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റിന്റെ ബ്ലാസ്റ്റ് ഷെഡ് കെട്ടിടത്തിൽനിന്ന് എഴുപത് മീറ്റർ അകലെ എൻഎച്ചിൽ കുണ്ടന്നൂർ പാലത്തിന്റെ തുടക്കത്തിലാണു സ്ഥാപിച്ചിരിക്കുന്നത്. ആൽഫ സെറീനിന്റെ ബ്ലാസ്റ്റ് ഷെഡ് കായലിനോട് ചേർന്നു മറുകരയിലുള്ള ബിപിസിഎൽ കെട്ടിടത്തോട് ചേർന്നും പ്രവർത്തിച്ചു.
നാലു പേരാണ് ബാസ്റ്റ് ഷെഡിൽനിന്നു സ്ഫോടനം നിയന്ത്രിച്ചത്. മൈനിംഗ് എൻജിനിയർ, ബ്ലാസ്റ്റർ, ഷോട്ട് ഫൈറർ, പെസോ പ്രതിനിധി എന്നിവർ മാത്രമാണ് ബ്ലാസ്റ്റ് ഷെഡിൽ ഉണ്ടായിരുന്നത്. കണ്ട്രോൾ റൂമിൽനിന്നു ലഭിച്ച നിർദേശത്തെത്തുടർന്ന് ബ്ലാസ്റ്റ് ഷെഡിലുള്ളവർ സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും പൊളിക്കൽ ചുമതലയുള്ള കന്പനികളായ എഡിഫസ്, വിജയ സ്റ്റീൽസസ് എന്നിവരുടെ മൈനിംഗ് എൻജിനിയർമാർ ഇന്നലെയും പരിശോധിച്ചിരുന്നു.
നാളെ പൊളിക്കുന്ന ജെയിൻ കോറൽ കോവിന്റേത് നെട്ടൂരിലെ എസ്എച്ച്എം ഷിപ്പ് ടെസ്റ്റിംഗ് ഫെസിലിറ്റി സെൻററിനോട് ചേർന്നും ഗോൾഡൻ കായലോരത്തിന്റേത് കെട്ടിടത്തിൽനിന്നു നൂറ് മീറ്റർ അകലെയുള്ള വീടിനോട് ചേർന്നുമാണു സജ്ജീകരിച്ചിരിക്കുന്നത്.
കനത്ത സുരക്ഷ, നിരോധനാജ്ഞ; തിങ്ങിനിറഞ്ഞ് ആളുകൾ
കൊച്ചി: ഫ്ളാറ്റുകൾ പൊളിക്കുന്നതിനോടനുബന്ധിച്ചു പ്രദേശത്ത് പോലീസ് ഒരുക്കിയിരുന്നത് പഴുതടച്ചുള്ള സുരക്ഷ. ഒരോ ഫ്ളാറ്റുകൾക്കു സമീപവും എണ്ണൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. രാവിലെ എട്ട് മുതൽ പ്രദേശത്ത് കളക്ടർ പുറപ്പെടുവിച്ച നിരോധനാജ്ഞയും നിലനിൽക്കുകയാണ്. പ്രദേശത്ത് നിരോധനാജ്ഞയും കനത്ത സുരക്ഷയും നിലനിൽക്കുകയാണെങ്കിലും ഒഴുകിയെത്തിയ ജനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായില്ല. രാവിലെ ആറ് മുതൽക്കേതന്നെ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തി തന്പടിച്ചത്.
സമീപത്തെ ഒഴിഞ്ഞുകിടക്കുന്ന വിവിധ ഫ്ളാറ്റുകളിൽ ആളുകൾ കയറിയെങ്കിലും പോലീസെത്തി ഇവരെ താഴെയിറക്കി. പല സമയങ്ങളിലായി ഫ്ളാറ്റുകൾക്കു സമീപത്തുനിന്നും മാറാൻ ഇവർക്ക് നിർദേശം നൽകുന്നതും കാണാമായിരുന്നു.
ഫ്ളാറ്റ് പൊളിക്കലിന്റെ ഭാഗമായി പോലീസ് സമീപ പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതൊന്നും ഇങ്ങോട്ടേക്കെത്തുന്നവർക്കു വിലങ്ങുതടിയായില്ല. പത്തരയോടെയാണു ഗതാഗത ക്രമീകരണം ആരംഭിച്ചത്.
പത്തരയോടെ ദേശീയ പാത തേവര- കുണ്ടന്നൂർ റോഡ് ഒഴികെയുള്ള എല്ലാ വഴികളും അടച്ചു. 10.55ന് തേവര-കുണ്ടന്നൂർ റോഡും അടച്ചു സ്ഫോടനങ്ങൾക്കു തയ്യാറെടുത്തു. കടേക്കുഴി ഗോപാല മേനോൻ റോഡ്, കെ.എക്സ്. ജോസഫ് റോഡ്, മരട് മുൻസിപ്പാലിറ്റി റോഡ്, കുണ്ടന്നൂർ ജംഗ്ഷൻ പടിഞ്ഞാറ് വശം, കെ.ആർ.എൽ റോഡ്, മിയാ റിയാൻ റസ്റ്ററൻറ് മുൻവശം, കോയിത്തറ കുണ്ടുവേലി റോഡ്, പനോരമ ഗാർഡൻ റോഡ്, സി.കെ. വേണുഗോപാലൻ റോഡ് കിഴക്കേ അറ്റം, ശാലോം പാലസ് മുൻവശം, കുണ്ടന്നൂർ-തേവര പാലം, കുണ്ടന്നൂർ-നെട്ടൂർ സമാന്തര പാലം എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞായിരുന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
പൊളിക്കൽ പൂർത്തിയായ ശേഷമുള്ള സൈറണ് പുറപ്പെടുവിച്ചതിന് ശേഷമാണ് ഈ റോഡുകൾ ഗതാഗതത്തിനായി വീണ്ടും തുറന്നു നൽകിയത്. സ്ഫോടനം നടത്തുന്പോൾ സുരക്ഷയ്ക്കായി വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരുന്നത്. രാവിലെ 10ന് ഫ്ളാറ്റുകൾക്കു സമീപമുള്ള കരയും കായലും ആകാശവും അതീവ സുരക്ഷാമേഖലയാക്കി മാറ്റുകയും ചെയ്തിരുന്നു.