ന്യൂയോർക്ക്: ചലച്ചിത്രലോകത്തെയടക്കം നേരിടുന്ന ലൈംഗിക അതിക്രമങ്ങൾക്ക് എതിരെ പോരാടാൻ കാന്പയിനുമായി ഹോളിവുഡ് നടിമാർ. “ടൈംസ് അപ്പ്’ എന്ന പേരിട്ട കാമ്പെയിന് പിന്തുണയുമായി മുന്നൂലധികം നടിമാരും എഴുത്തുകാരും സംവിധായകരുമാണ് രംഗത്തുള്ളത്. ലൈംഗിക അതിക്രമങ്ങൾക്ക് എതിരെയുള്ള നിയമ പോരാട്ടത്തിന് പണം സമാഹരിക്കലാണ് കാമ്പെയിനിന്റെ ലക്ഷ്യം.
തൊഴിലിടങ്ങളിൽ ലൈംഗീക അതിക്രമം നേരിടുന്നവരെ ലിംഗഭേദമില്ലാതെ സഹായിക്കാനാണ് തീരുമാനം. 15 മില്യൺ ഡോളർ ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പെയിനിലൂടെ ഇതുവരെ 13 മില്യൺ ഡോളർ സമാഹരിച്ചു. നതാലി പോർട്ട്മാൻ, റീസെ വിതെർസ്പൂൺ, കെറ്റ് ബ്ലാൻഷെറ്റ്, ഇവ ലോംഗോറിയ തുടങ്ങിയ പ്രമുഖർ കാമ്പെയിന് പിന്തുണയുമായി രംഗത്തെത്തുണ്ട്.
നേരത്തെ, ചലച്ചിത്രലോകത്തെയടക്കം പല സ്ത്രീകളും തങ്ങൾ നേരിട്ട ലൈംഗിക അതിക്രമങ്ങളെയും ചൂഷണങ്ങളെയും സഭ്യമല്ലാത്ത പെരുമാറ്റങ്ങളെയും തുറന്നു പറയുവാനും അത് അനുഭവിച്ചവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനായും തുടങ്ങിവച്ച മീ റ്റൂ കാന്പയിൻ ലോക ശ്രദ്ധ നേടിയിരുന്നു. ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ, നടൻ കെവിൻ സ്പാസി എന്നിവർക്കെതിരെ നടിമാർ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദമാണ് സൃഷ്ടിച്ചത്.