നിയാസ് മുസ്തഫ
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാർ രംഗത്തുവന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.
പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്ത് ബാജ്വയുടെ നേതൃത്വത്തിൽ അഞ്ചു മന്ത്രിമാർ ഉൾപ്പെടെ 31 എംഎൽഎമാരാണ് അമരീന്ദർ സിംഗിനെതിരേ രംഗത്തെത്തിയത്.
ഇതിനു പിന്നിൽ കളിക്കുന്നത് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവ്ജ്യോത് സിംഗ് സിദ്ദുവാണെന്ന് അമരീന്ദർ സിംഗ് ആരോപിക്കുന്പോൾ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന ആലോചന കോൺഗ്രസ് ഹൈക്കമാൻഡ് തുടങ്ങിയിട്ടുണ്ട്.
പ്രശ്നത്തിൽ സോണിയ ഗാന്ധി ഇടപെടണമെന്ന് എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിയാകാനുള്ള സിദ്ദുവിന്റെ മോഹമാണ് എല്ലാത്തിനും പിന്നിലെന്ന് അമരീന്ദർ സിംഗ് ക്യാന്പ് ആരോപിക്കുന്പോൾ അമരീന്ദർ മുഖ്യമന്ത്രി സ്ഥാനത്തുതുടർന്നാൽ തുടർഭരണം കിട്ടില്ലെന്ന് വിമത സ്വരം ഉയർത്തിയവരും പറയുന്നു.
പഞ്ചാബ് ഭരണത്തിൽ നവ്ജ്യോത് സിംഗ്-അമരീന്ദർ സിംഗ് പോര് മുന്‍പും ഉണ്ടായിട്ടുണ്ട്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റാക്കിയാണ് നവ്ജ്യോത് സിംഗിനെ കോൺഗ്രസ് അനുനയിപ്പിച്ചത്.
അമരീന്ദര്‍ സിംഗിന്റെ പ്രകടനം മോശമെന്നും ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും എതിര്‍പ്പുയര്‍ത്തുന്ന നേതാക്കൾ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി യാകാൻ അനാവശ്യ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കാനുള്ള സിദ്ദുവിന്റെ നീക്കമാണ് ഇതെന്നാണ് അമരീന്ദര്‍ ക്യാമ്പിന്റെ ആരോപണം.
വിഷയത്തിൽ കോണ്‍ഗ്രസ് നേതൃത്വം രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
117 അംഗ പഞ്ചാബ് നിയമസഭയിൽ 77 സീറ്റാണ് കോണ്‍ഗ്രസിനുള്ളത്.
ആംആദ്മി പാർട്ടിക്ക് 20 ഉം അകാലിദളിന് 15 സീറ്റും ഉണ്ട്. പഞ്ചാബ് പിടിക്കാൻ രാഷ്ട്രീയ നീക്കങ്ങൾ ആംആദ്മി പാര്‍ട്ടി ശക്തമാക്കുമ്പോഴാണ് കോണ്‍ഗ്രസിലെ തമ്മിലടി. ഇതോടെ ആംആദ്മി ക്യാന്പ് കൂടുതൽ ആത്മവിശ്വാസത്തിലാണ്.