ശ്രീനാരായണപുരം: ശ്രീനാരായണപുരം പോളക്കുളത്തു അയൽവാസിയെ ക്രൂരമായി മർദ്ദിക്കുകയും വീട് ചുട്ട് ചാന്പലാക്കുകയും ചെയ്തു. ശ്രീനാരായണപുരത്തിനു കിഴക്കുഭാഗത്തെ പോളക്കുളം ഭാഗത്ത് താമസിക്കുന്ന കരിനാട്ട് വിലാസിനിയുടെ വീടാണ് ചുട്ടെരിക്കപ്പെട്ടത്. ഇവരുടെ ഭർത്താവ് രവീന്ദ്രൻ മർദ്ദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഇവരുടെ അയൽവാസിയായ സുരാജ് എന്ന സുഭാഷ് ആണ് രവീന്ദ്രനെ ആക്രമിച്ചതും വീട് ചുട്ടെരിച്ചതുമെന്ന് മതിലകം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ശ്രീനാരായണപുരത്തെ ഒരു വ്യാപര സ്ഥാപനത്തിൽ ജോലിയുള്ള രവീന്ദ്രൻ രാത്രിയിൽ വീട്ടിലേക്ക് വരുന്പോഴാണ് സുരാജും ഇയാളുടെ ഒരു കൂട്ടുകാരനും ചേർന്ന് ആക്രമിച്ചത്.
ഇതുസംബന്ധിച്ച് സുലോചനക്ക് ഫോണ് സന്ദേശം ലഭിച്ചിരുന്നു. ഇതോടെ രവീന്ദ്രന്റെ മകനുമായി ഫോണിൽ ബന്ധപ്പെട്ട സുലോചന, രവീന്ദ്രനെ അവിടെ നിന്നും കൊണ്ടു പോയി ആശുപത്രിയിലാക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ചെത്തിയവർ രവീന്ദ്രനെ കൊണ്ടുപോയതിനു പിറകെയാണ് വീട് കത്തിക്കൽ അരങ്ങേറിയത്. സുലോചനയെ ഫോണിൽ വിളിച്ചുപറഞ്ഞാണ് സുരാജ് വീടിനു തീയിട്ടത്. ഇതോടെ പൊലീസുമായി ബന്ധപ്പെട്ട് സഹാ യം തേടിയിരുന്നുവെങ്കിലും പൊലീസ് എത്തുന്പോഴേക്കും വീട് പൂർണമായും കത്തിയമർന്നിരുന്നു. വീടിനകത്തുണ്ടയിരുന്ന ടിവി ഉൾപ്പടെയുള്ള വീട്ടു സാമഗ്രികളും വസ്ത്രങ്ങളുമൊക്കെ കത്തിപ്പോയിട്ടുണ്ട്.
മദ്യവും മയക്കു മരുന്നും കഞ്ചാവും പതിവായി ഉപയോഗിക്കുകയും അടിപിടിയും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട് അയൽവാസികൾക്കും മറ്റും സ്ഥിരം ശല്യക്കാരനുമായ സുരാജ് എന്ന സുഭാഷ് ഇടക്കിടെ ഇത്തരം അതിക്രമങ്ങൾ നടത്തി ഒളിവിൽ പോകുന്നയാളാണെന്നാണു നാട്ടുകാർ പറയുന്നു. മർദനവും വീട് കത്തിക്കലും സംബന്ധിച്ച് മതിലകം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.