വടകര: തെരഞ്ഞടുപ്പിന്റെ വീറും വാശിക്കുമിടയിലെ ഹൃദ്യമായ രംഗം വേറിട്ട കാഴ്ചയായി. പോളിംഗ് ബൂത്തിൽ അമ്മ വോട്ട് ചെയ്യുന്പോൾ കൈക്കുഞ്ഞുമായി നിൽക്കുന്ന ഹോം ഗാർഡ്. വടകര ലോക്സഭാമണ്ഡലത്തിലെ തിരുവള്ളൂർ വള്യാട് യുപി സ്കൂളിലെ 115-ാം ബൂത്തിലായിരുന്നു കരുതലിന്റെ സ്നേഹക്കാഴ്ച ഒരുങ്ങിയത്.
കൈക്കുഞ്ഞുമായി വോട്ട് ചെയ്യാൻ എത്തിയ യുവതിക്കൊപ്പം മറ്റാരുമുണ്ടായിരുന്നില്ല. ബൂത്തിലേക്ക് കയറിയപ്പോഴാണ് യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണനോട് കുഞ്ഞിനെ നോക്കുമോ എന്നു ചോദിച്ചത്. തികഞ്ഞ സന്തോഷത്തോടെ കുഞ്ഞിനെ കൈകളിലേക്കു വാങ്ങിയ രാധാകൃഷ്ണൻ അമ്മ വോട്ട് ചെയ്തു വരുന്നത് വരെ കാത്തുനിന്നു.
കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ഹോംഗാർഡിന്റെ ചിത്രം സമീപത്തുണ്ടായിരുന്നയാൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിലേക്ക് കൈമാറിയതോടെ ചിത്രം വൈറലായിരിക്കുകയാണ്. ഇതോടെ അഭിനന്ദന പ്രവാഹമാണ് രാധാകൃഷ്ണന്. വടകര ട്രാഫിക് യൂണിറ്റിൽ ജോലി ചെയ്യുന്ന രാധാകൃഷ്ണൻ കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശിയാണ്.