ചെന്പേരി: ടൗണിലെ ഗതാഗത നിയന്ത്രണത്തിനും നീതിനിർവഹണത്തിന്റെ ഭാഗമായ സാമൂഹികസുരക്ഷക്കും വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള ഹോംഗാർഡിന്റെ സേവന മികവ് അനുഭവിച്ചറിയുന്ന ചെന്പേരി നിവാസികളുടെ കമന്റാണിത്- ‘ഹോം ഗാർഡായാൽ ഇങ്ങനെ വേണം…’.
കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ ചെന്പേരി ടൗണിൽ പകൽ സമയങ്ങളിൽ ഹോംഗാർഡിന്റെ ചുമതല വഹിക്കുന്ന പൂപ്പറന്പ് സ്വദേശി വരന്പകത്ത് മാത്യു കൃത്യനിർവഹണത്തിൽ പുലർത്തിവരുന്ന ആത്മാർഥതയും നിഷ്പക്ഷതയുമാണ് പൊതുജനങ്ങളിൽ ഏറെ മതിപ്പുളവാക്കിയിരിക്കുന്നത്.
ദിവസവും രാവിലെ മുതൽ ടൗണിലെ എല്ലായിടങ്ങളിലും നിരീക്ഷിച്ച് റോഡ് നിയമങ്ങൾ തെറ്റിച്ച് അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ മാറ്റിയിടാൻ നിർദേശിച്ചും പ്രവേശനം നിരോധിച്ചിട്ടുള്ള ദിശയിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞ് നിർദിഷ്ട മാർഗത്തിലൂടെ നയിച്ചും കർശന നിലപാട് സ്വീകരിച്ചു തുടങ്ങിയതോടെ മുന്പ് ടൗണിൽ ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരുന്ന ഗതാഗതക്കുരുക്ക് ഏറെക്കുറെ ഇല്ലാതാക്കാൻ കഴിയുന്നുണ്ട്.
വാഹനത്തിരക്കേറുന്ന സമയങ്ങളിൽ കുട്ടികൾക്കും അവശരായ വയോധികർക്കും റോഡ് മുറിച്ചുകടക്കാൻ കൈപിടിച്ചു സഹായിക്കാനും ഈ ഹോംഗാർഡിനു മടിയൊന്നുമില്ല. കുന്നിൻമുകളിലെ സ്കൂളിൽ നിന്നുള്ളതടക്കം അഞ്ചു റോഡുകൾ സംഗമിക്കുന്ന ടൗൺ സർക്കിളിൽ വഴിയറിയാതെ വിഷമിക്കുന്ന അപരിചിത വാഹനയാത്രക്കാർക്ക് വഴികാട്ടിയാകാനും ഓടിയെത്തുന്നത് ഇദ്ദേഹമാണ്.
ടൗണിലെ വ്യാപാരികളും ഓട്ടോ-ടാക്സി ഡ്രൈവർമാരും നൽകുന്ന ശക്തമായ പിന്തുണയാണ് സദാസമയവും കർമനിരതനാകാൻ മാത്യുവിന് കരുത്തേകുന്നത്. ഡ്രൈവിംഗ് ലൈസൻസില്ലാതെ ബൈക്കോടിച്ചുവരുന്ന കൗമാരക്കാരോട് ഉപദേശ രൂപേണ താക്കീത് നൽകാനും മാതാപിതാക്കളെ അറിയിച്ച് നിയമലംഘനം നിരുത്സാഹപ്പെടുത്താനും മാത്യു സ്വീകരിച്ചുവരുന്ന സുരക്ഷാമുന്നറിയിപ്പ് നടപടികൾ ഏവരുടെയും പ്രശംസ നേടാൻ കാരണമായിട്ടുണ്ട്.
സ്കൂൾ സമയങ്ങളിൽ മറ്റു സ്ഥലങ്ങളിലെ സ്കൂൾ യൂണിഫോം ധരിച്ച് അകാരണമായി ടൗണിൽ കാണപ്പെടുന്ന വിദ്യാർഥികളെ നിരീക്ഷിക്കുകയും മേലധികാരികൾക്ക് വിവരം നൽകുകയും ചെയ്തതിലൂടെ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ തുടരന്വേഷണത്തിനു വഴിയൊരുങ്ങിയതും മാത്യുവിന്റെ നിയമപാലന മികവിന്റെ നേട്ടം തന്നെ.