മുംബൈ: നിയമപാലകർ ജനമൈത്രി പോലീസ് ആകണമെന്നാണ് എല്ലാവരും പറയാറുള്ളത്. പക്ഷേ, മുംബൈയിലെ ഒരു പോലീസുകാരൻ അങ്ങനെയാകാൻ ശ്രമിച്ചതിന് ഇപ്പോൾ അച്ചടക്കനടപടി നേരിടുകയാണ്. ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിൽ സുരക്ഷാഡ്യൂട്ടിയുണ്ടായിരുന്ന ഹോംഗാർഡായ എസ്.എഫ്. ഗുപ്തയ്ക്കാണു പണി കിട്ടിയത്.
ഡ്യൂട്ടിക്കിടെ കോച്ചിലെ യാത്രക്കാരിയായ ഒരു പെൺകുട്ടി അപ്രതീക്ഷിതമായി പോലീസുകാരന് മുന്നിലെത്തി ഡാൻസ് തുടങ്ങി. ട്രെയിനിൽനിന്നു തെറിച്ചുവീഴാതിരിക്കാൻ നിർദേശങ്ങൾ നൽകി ആദ്യം മാറിനിന്ന പോലീസുകാരൻ കുറച്ചു കഴിഞ്ഞപ്പോൾ പെൺകുട്ടിക്കൊപ്പം ഡാൻസ് ചെയ്യാൻ ആരംഭിച്ചു.
യാത്രക്കാരിക്ക് സന്തോഷമായിക്കോട്ടെ എന്നു മാത്രമേ പോലീസുകാരൻ കരുതിയിട്ടുണ്ടാകൂ. പെൺകുട്ടിയുടെ അമ്മ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയുംചെയ്തു.
രാത്രി പത്തോടെയായിരുന്നു ട്രെയിനിലെ ഈ വൈറൽ ഡാൻസ്. വീഡിയോ പുറത്തുവന്നതോടെ റെയിൽവേ പോലീസ് മേധാവികൾ വളരെ പെട്ടെന്നു പ്രതികരിച്ചു. പോലീസുകാരനെതിരേ അന്വേഷണം പ്രഖ്യാപിച്ചു. ഗുപ്തയുടെ വിശദീകരണവും തേടി.
ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാവാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചു. യൂണിഫോമിലായിരിക്കുമ്പോഴോ ഡ്യൂട്ടിയിൽ ആയിരിക്കുമ്പോഴോ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന നിർദേശം സേനയ്ക്കാകെ നൽകിയിരിക്കുകയാണ്.