തിരുവനന്തപുരം: ഹോം ഐസൊലേഷന്‍ എന്നാൽ വീട്ടിലെ ഒരു മുറിയില്‍ കഴിയുക എന്നാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്.
കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു രോഗ ലക്ഷണങ്ങളില്ലാത്തവര്ക്കാണു ഹോം ക്വാറന്റൈന് അനുവദിക്കുന്നത്.
ഗുരുതരാവസ്ഥയുണ്ടായാൽ ആശുപത്രികളി ൽ എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഹോം ഐസൊലേഷന്‍ എങ്ങനെ?
ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിനു സൗകര്യമില്ലാത്തവര്‍ക്കു ഡൊമിസിലിയറി കെയര്സെന്ററുകള് ലഭ്യമാണ്.
എസിയുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. വീട്ടിലുള്ള എല്ലാവരും ഡബിള്‍ മാസ്ക് ധരിക്കണം. രോഗീ പരിചണം നടത്തുന്നവര്‍ എന്‍ 95 മാസ്ക് ധരിക്കണം.
സാധനങ്ങള്‍ കൈമാറരുത്
ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്തുക്കള്‍ പങ്കുവയ്ക്കാന്‍ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും സ്വയം കഴുകണം.
നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങള്‍, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം.
വെള്ളവും ആഹാരവും വളരെ പ്രധാനം
വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. ഫ്രിഡ്ജില്‍ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും ഒഴിവാക്കണം.
ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കണം. പറ്റുമെങ്കില്‍ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാര്‍ഗിള്‍ ചെയ്യണം. എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
സ്വയം നിരീക്ഷണം ഏറെ പ്രധാനം
വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. പള്‍സ് ഓക്സി മീറ്റര്‍ വീട്ടില്‍ കരുതുന്നത് നന്നായിരിക്കും.
ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റ് രോഗ ലക്ഷണങ്ങളും നിരീക്ഷിക്കണം.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതാണ് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കുന്നത്. അതിനാല്‍ പള്‍സ് ഓക്സീമീറ്റര്‍ കൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം.
ഈ പരിശോധനയിലൂടെ ഓക്സിജന്റെ കുറവ് കാരണം ശ്വാസംമുട്ട് വരുന്നതിന് വളരെ മുമ്പ് തന്നെ ഓക്സിജന്‍ കുറഞ്ഞു തുടങ്ങിയെന്ന് അറിയാന്‍ സാധിക്കുന്നു.
സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94 ല്‍ കുറവായാലും നാഡിമിടിപ്പ് 90 ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
ആറു മിനിറ്റ് നടന്ന ശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തെയുള്ളതില്‍ നിന്ന് മൂന്നു ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. ചെറിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഇ സഞ്ജീവനി വഴിയും ചികിത്സ തേടാം.
അപായ സൂചനകള്‍ തിരിച്ചറിയണം
ശ്വാസം മുട്ടല്‍, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തില്‍ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കില്‍ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്.
തലച്ചോറില്‍ ഓക്സിജന്‍ കാര്യമായി എത്താത്തതു കൊണ്ടുള്ള പ്രശ്നങ്ങളാലാണ് ഇവയില്‍ പലതും ഉണ്ടാകുന്നത്.
ഈ അപായ സൂചനകളോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ബന്ധപ്പെടാറുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ വിവരമറിയിക്കണം.
ഈ സാഹചര്യത്തില്‍ ഒട്ടും പരിഭ്രമപ്പെടാതെ ആംബുലന്‍സ് എത്തുന്നതുവരെ കമിഴ്ന്ന് കിടക്കേണ്ടതാണ്.