ലോകാവസാനം ഭയന്ന് ആറ് മക്കളെ ഒമ്പത് വർഷം വീട്ടിൽ ഒളിപ്പിച്ച പിതാവിനെ തെരഞ്ഞ് പോലീസ്. ഹോളണ്ടിലെ ഡെന്ത്രപ്രവശ്യയിലെ റുയിനർവോൾഡ് എന്ന ഗ്രാമത്തിലാണ് സംഭവം. ലോകാവസാനം ഉണ്ടാകുമ്പോൾ മക്കൾക്ക് ഒന്നും സംഭവിക്കാതിരിക്കുവാനായി അദ്ദേഹം അവരെ ഫാംഹൗസിന് അടിയിലെ മുറിയിൽ പാർപ്പിക്കുകയായിരുന്നു.
കുട്ടികളെ നോക്കുവാനും ഫാംഹൗസിന്റെ കാര്യങ്ങൾ നോക്കുവാനും ഇദ്ദേഹം ഒരാളെ ഇവിടെ നിയമിച്ചിരുന്നു. പച്ചക്കറി കൃഷിയും മൃഗപരിപാലനവുമായിരുന്നു ഈ ഫാം ഹൗസിലുണ്ടായിരുന്നത്. 16 മുതൽ 25 വയസ് വരെയുള്ള കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം മൂത്ത മകൻ ഇവിടെ നിന്നും പുറത്ത് കടന്നിരുന്നു. ഇതേ തുടർന്നാണ് സംഭവങ്ങൾ പുറം ലോകമറിയുന്നത്. പുറത്തിറങ്ങിയ കുട്ടി ഒരു ബാറിലാണ് എത്തിച്ചേർന്നത്. ബിയർ ആവശ്യപ്പെട്ട കുട്ടി വീട്ടിൽ സഹോദരങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് പറഞ്ഞു. തലമുടിയും താടിയും നീണ്ട് പഴകിയ വസ്ത്രവും ധരിച്ച് പ്രാകൃത രൂപത്തിലായിരുന്നു ഈ കുട്ടി.
ഏറെ വിചിത്രമായ കഥ കേട്ട ജീവനക്കാരൻ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെട്ടു. നിമിഷ നേരത്തിനുള്ളിൽ എത്തിയ പോലീസ് ഫാംഹൗസിന്റെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഒരു അലമാരയ്ക്കുള്ളിൽ കൂടിയായിരുന്നു കുട്ടികളെ താമസിപ്പിച്ചിരുന്ന രഹസ്യനിരവറയിലേക്ക് ഇറങ്ങുന്നത്.
ഇത്രയും നാളും പുറം ലോകവുമായി ഒരു ബന്ധവുമില്ലാതിരുന്ന കുട്ടികൾക്ക് അതിന്റെ മാനസിക പ്രശ്നങ്ങളുമുണ്ടായിരുന്നു. മാത്രവുമല്ല ഈ ഒമ്പത് വർഷങ്ങളും കുട്ടികൾക്ക് വിദ്യഭ്യാസവും നിഷേധിച്ചിരുന്നു.
ഈ ഫാംഹൗസിനെ ഗ്രാമവുമായി വേർത്തിരിക്കുന്നവാൻ ഒരു കനാലുണ്ട്. കനാലിലെ പാലം കടന്നു വേണം ഫാംഹൗസിലെത്താൻ. വളരെ ജനസാന്ദ്രത കുറഞ്ഞ ഈ ഗ്രാമത്തിൽ ആകെ 300 പേർ മാത്രമാണ് താമസിക്കുന്നത്. ഇടയ്ക്ക് വല്ലപ്പോഴും ജീവനക്കാരനെ കാണാറുണ്ടിരുന്നുവെങ്കിലും കുട്ടികൾ ഇവിടെയുണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ കുട്ടികളുടെ പിതാവിനെ കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് പോലീസ്.