ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ബാങ്ക് വായ്പകൾക്കുള്ള മൂന്നു മാസത്തെ മോറട്ടോറിയം ഫലത്തിൽ സാധാരണക്കാർ, കർഷകർ, ചെറുകിട / ഇടത്തരം വ്യവസായികൾ, കച്ചവടക്കാർ, വിദ്യാർഥികൾ തുടങ്ങിയവർക്കൊന്നും കാര്യമായ ഗുണം ചെയ്യില്ല.
കടുത്ത സാന്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തിരിച്ചടവിനായി നട്ടം തിരിയുന്നവരുടെ കണ്ണിൽ പൊടിയിടാൻ മാത്രമേ പുതിയ പ്രഖ്യാപനം ഉപകരിക്കൂവെന്നു സാന്പത്തിക വിദഗ്ധർ ദീപികയോടു പറഞ്ഞു.
അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധി നിലനിൽക്കുന്പോഴും ലക്ഷക്കണക്കിനു വരുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക വായ്പകളുടെ തവണ ജൂണ് മുതൽ പലിശയോടെ അടയ്ക്കേണ്ടിവരും.
ടേം ലോണുകളുടെ തിരിച്ചടവിനു ശേഷിക്കുന്ന തുകയുടെ പലിശ ബാങ്കുകളിലേക്കു ശേഖരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയർമാൻ രജനീഷ് കുമാർ വ്യക്തമാക്കി. കൃത്യസമയത്ത് തവണ അടയ്ക്കാൻ കഴിയാത്തവർക്കാണ് മോറട്ടോറിയത്തിന്റെ ഗുണം ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലിശ ഇളവില്ല
മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള എല്ലാ വായ്പകളുടെയും പ്രതിമാസ തിരിച്ചടവിനു മൂന്നു മാസം കൂടുതൽ കാലാവധി കിട്ടുമെങ്കിലും പലിശയിൽ ഇളവില്ല. മുതൽ തിരിച്ചടവിന് ദീർഘകാല അവധി പ്രതീക്ഷിച്ചവരും നിരാശരായി. തിരിച്ചടവു മുടങ്ങിയാലുള്ള പിഴപ്പലിശ ഈടാക്കില്ലെന്നു മാത്രം.
മോറട്ടോറിയം കാലത്തെ പലിശ തട്ടിക്കിഴിക്കുമെന്ന് വായ്പയെടുത്തവരെല്ലാം ആഗ്രഹിച്ചിരുന്നു. എന്നാൽ പലിശയിളവ് ഉണ്ടായിരിക്കില്ലെന്ന് റിസർവ് ബാങ്ക് ഇന്നലെ പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.
പലിശകൂടി കൂട്ടിയായിരിക്കും നീട്ടിവച്ച മാസഗഡു തിരിച്ചടയ്ക്കേണ്ടത്. എസ്ബിഐ ചെയർമാൻ രജനീഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചു.