കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ഹോം നഴ്സ് യുവാവിനെ കുത്തികൊലപ്പെടുത്തി. പള്ളിശേരി റോഡിൽ ചെല്ലിയാപ്പുറം പരേതനായ ജോസഫിന്റെ മകൻ തോബിയാസ് (34) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ ഹോം നഴ്സും തൃശൂർ സ്വദേശിയുമായ ലോറൻസിനെ (54) പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി 10നും 12നും ഇടയിലാണ് കൃത്യം നടന്നതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: അവിവാഹിതനായ തോബിയാസ് 72 വയസുകാരിയായ അമ്മയ്ക്കൊപ്പമാണ് താമസച്ചിരുന്നത്. കൊല്ലപ്പെട്ട തോബിയാസിന്റെ അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇവരെ ശുശ്രൂക്ഷിക്കാനായിട്ടാണു ലോറൻസിനെ ജോലിക്കെടുത്തത്. തോബിയാസ് ലഹരിക്ക് അടിമയാണെന്നാണു പോലീസ് പറയുന്നത്. ലഹരിയിൽ പലപ്പോഴും ഇയാൾ വീട്ടുകാരുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
ഇന്നലെയും ഇത്തരത്തിൽ വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് കത്തി കുത്തിൽ കലാശിക്കുകയുമായിരുന്നെന്നാണു പ്രാഥമിക നിഗമനം. നെഞ്ചിനുതാഴെ ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ ഉടൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാരിവട്ടം എസ്ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.